കൃഷിഭൂമിയിൽ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്ത ആദിവാസി യുവതിയെ മലം തീറ്റിച്ചതായി പരാതി
ഭുവനേശ്വർ: അതിക്രമം ചോദ്യം ചെയ്തതിന് ആദിവാസി യുവതിയെ മലം തീറ്റിച്ചതായി പരാതി. ഒഡീഷയിലെ ഭുവനേശ്വറിൽ ബംഗാമുണ്ട പോലിസ് സ്റ്റേഷൻ പരിധിയിൽ അഞ്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു സംഭവം.അയൽവാസിയായ അഭയ് ബാഗ് എന്നയാൾ ആദിവാസിയായ യുവതിയുടെ കൃഷിഭൂമിയിൽ അതിക്രമിച്ചു കടന്ന് വിളകൾ നശിപ്പിച്ചതിനെ യുവതി ചോദ്യം ചെയ്തതാണത്രേ പ്രകോപനത്തിനു കാരണം.
അഭയ് ബാഗ് യുവതിയെ മർദ്ദിക്കുകയും മുഖത്ത് മലം വാരിത്തേക്കുകയും തീറ്റിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ യുവതിയുടെ ബന്ധുവിനും മർദ്ദനമേറ്റു.സംഭവത്തിൽ പോലിസിൻ്റെ ഭാഗത്തു നിന്ന് അലംഭാവമുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പരാതി നൽകിയിട്ടും അതിക്രമത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ പോലിസ് അനാസ്ഥ കാട്ടുകയാണ്. അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പോലിസിനു കഴിഞ്ഞിട്ടില്ല. ആദിവാസിയായതുകൊണ്ടാണ് നീതി നിഷേധിക്കപ്പെടുന്നതെന്ന് സ്ഥലം എം പി ആരോപിക്കുന്നു.
ആദിവാസി സംഘടനകൾ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്.അതേ സമയം, പ്രതി ഒളിവിലാണെന്നും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നുമായിരുന്നു പോലിസിൻ്റ വാദം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലിസ് സൂപ്രണ്ട് വ്യക്തമാക്കി.