മഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Update: 2024-11-21 08:37 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ജാഗ്രതാ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

രോഗബാധിത പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, തിളപ്പിക്കാതെ വെള്ളം കുടിക്കുന്ന ശീലം, പുറത്തുനിന്നുള്ള ഭക്ഷണ-പാനീയങ്ങളുടെ ഉപയോഗം, മലിന ജലത്താല്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വത്തില്‍ ശ്രദ്ധയില്ലായ്മ തുടങ്ങിയവയാണ് പ്രധാന രോഗകാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

ഈ വര്‍ഷം 563 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് എറണാകുളത്ത് സ്ഥിരീകരിച്ചത്. മട്ടാഞ്ചേരി, കളമശ്ശേരി, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, മലയാറ്റൂര്‍, വേങ്ങൂര്‍, ആവോലി, കോതമംഗലം, നെല്ലിക്കുഴി, പായിപ്ര, കിഴക്കമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് മഞ്ഞപ്പിത്ത രോഗം കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗവ്യാപനം തടയാന്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ഭക്ഷണപാനീയങ്ങളുടെ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.





Tags:    

Similar News