ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി സർക്കാർ; എന്താണ് ക്ലൗഡ് സീഡിങ്ങ് ?

Update: 2024-11-21 04:43 GMT

ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കൃത്രിമ മഴ പെയ്യിപ്പിക്കണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മഴ പെയ്താൽ വായുവിലെ മാലിന്യങ്ങൾ ഇല്ലാതാവുമെന്നും ഇതിനായി ക്ലൗഡ് സീഡിങ് നടത്തണമെന്നുമാണ് ഗോപാൽ റായിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് അദ്ദേഹം കത്തെഴുതി. 

എന്താണ് കൃത്രിമ മഴ? എങ്ങനെയാണ് മഴ പെയ്യിപ്പിക്കുക?

സിൽവർ അയഡൈഡ് എന്ന രാസവസ്തു മേഘങ്ങളിൽ കലർത്തുകയാണ് സാധാരണയായി ചെയ്യാറ്. ഇത് ഐസ് ക്രിസ്റ്റൽ രൂപീകരിക്കാൻ മേഘങ്ങളെ പ്രേരിപ്പിക്കും. ഈ ക്രിസ്റ്റലുകൾ മഴക്ക് കാരണമാവും.

വിമാനമോ ഹെലികോപ്റ്ററോ ഡ്രോണോ ഉപയോഗിച്ചാണ് മേഘങ്ങളിൽ സിൽവർ അയഡൈഡ് ചേർക്കാറ്. ഇങ്ങനെ ചെയ്താൽ 30 മിനുട്ട് ആവുമ്പോഴേക്കും മഴ ലഭിക്കും.

ചില സന്ദർഭങ്ങളിൽ പൊട്ടാസ്യം അയഡൈഡോ ഐസോ ചേർക്കാറുമുണ്ട്.  

രണ്ട് ഘട്ടമായി ക്ലൗഡ് സീഡിങ് നടത്തണം എന്നാണ് ഡൽഹി സർക്കാർ പറയുന്നത്. ആദ്യഘട്ടമായി 300 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മഴ പെയ്യിപ്പിക്കാനാണ് പദ്ധതി. ഇതിന് മൂന്നുകോടി രൂപ ചെലവ് വരും. ഇത് വിജയിക്കുകയാണെങ്കിൽ രണ്ടാം ഘട്ടമായി ആയിരം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് പത്ത് കോടി രൂപ ചെലവിൽ മഴ പെയ്യിപ്പിക്കും. ചെലവെല്ലാം സംസ്ഥാന സർക്കാരായിരിക്കും വഹിക്കുക. 

വിജയമാവുമോ?

വായു ശുദ്ധീകരിക്കാൻ ഇന്ത്യയിൽ ഒരിടത്തും ഇതുവരെ ക്ലൗഡ് സീഡിങ്ങ് നടത്തിയിട്ടില്ല.

കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ ക്ലൗഡ് സീഡിങ് നടത്താൻ കാൺപൂർ ഐഐടി പദ്ധതിയിട്ടിരുന്നു. പക്ഷെ നടന്നില്ല. പശ്ചിമഘട്ടത്തിൽ നിരവധി തവണ ക്ലൗഡ് സീഡിങ്ങ് നടത്തിയിട്ടുണ്ട് എന്നാൽ , അന്നൊന്നും വായുവിൻ്റെ ഗുണത്തിലുണ്ടായ മാറ്റം പരിശോധിച്ചിട്ടില്ല.

2023 ഡിസംബറിൽ പാകിസ്താനിലെ ലാഹോറിൽ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) മോശമായപ്പോൾ ക്ലാൗഡ് സീഡിങ് നടത്തിയിരുന്നു. എക്യുഐ 300 ൽ നിന്ന് 189 ആയി കുറയാൻ ഇത് സഹായിച്ചു. എന്നാൽ രണ്ട് ദിവസത്തിനകം വീണ്ടും കൂടി.



എന്ത് ഗുണം നൽകുമെന്ന് ഉറപ്പില്ലാത്ത പദ്ധതിയാണ് ക്ലൗഡ് സീഡിങ് എന്നാണ് ശാസ്ത്രജ്ഞൻമാരുടെയും വിദഗ്ദരുടെയും അഭിപ്രായം. വായുവിൽ സിൽവർ അയഡൈഡ് ചേർക്കുന്നതിൻ്റെ ഫലം എന്തായിരിക്കുമെന്ന് പരിശോധിക്കണമെന്നാണ് ഡൽഹി ഐഐടിയിലെ മലിനീകരണ വിദഗ്ദനായ മുകേഷ് ഖാ ഡെ പറയുന്നത്.

എല്ലാ മേഘങ്ങളും ക്ലൗഡ് സീഡിങ്ങിന് പറ്റിയതല്ലെന്നാണ് പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജിയിലെ ശാസ്ത്രജ്ഞനായ സച്ചിൻ ഗുഡെ പറയുന്നത്. ആവശ്യത്തിന് മേഘങ്ങൾ ഇല്ലാതിരുന്നതിനാലാണ് കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ നടത്താനിരുന്ന ക്ലൗഡ് സീഡിങ് വേണ്ടെന്നു വയ്ക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar News