ലഖ്നൗ : ഉത്തർപ്രദേശിലെ സംബാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിൽ സർവെക്ക് ഉത്തരവിട്ട് സിവിൽ കോടതി. ഹിന്ദു ക്ഷേത്രം പൊളിച്ചാണ് 1526ൽ മസ്ജിദ് പണിതതെന്ന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വ ഉച്ചക്ക് ഒന്നരക്കാണ് മസ്ജിദിൽ സർവെ നടത്തണമെന്ന് കൽക്കദേവി ക്ഷേത്രത്തിലെ പുരോഹിതനായ റിഷിരാജ് ഗിരി കോടതിയിൽ അപേക്ഷ നൽകിയത്.
മൂന്നുമണിക്കൂർ വാദം കേട്ട കോടതി രമേശ് ചന്ദ് രാധവ് എന്ന അഭിഭാഷകനെ അഭിഭാഷക കമ്മീഷൻ ആക്കി നിയമിച്ചു. ഈ മാസം 29 ന് അകം റിപോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ വൈകീട്ട് 6.15 ഓടെ ഇയാൾ പള്ളിയിൽ എത്തി പരിശോധന തുടങ്ങി.
ഇതറിഞ്ഞ പ്രദേശവാസികൾ സ്ഥലത്ത് തടിച്ചു കൂടി പ്രദേശത്തെ ഇപ്പോൾ അതീവ സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് കോടതിയിൽ കേസ് കൊടുത്തിരിക്കുന്നതെന്ന് സമാജ് വാദി പാർട്ടി നേതാവും സ്ഥലം എം പിയുമായ സിയാവുൽ റഹ്മാൻ പറഞ്ഞു.
1991ലെ ആരാധനാലയ നിയമപ്രകാരം ഈ മസ്ജിദ്, മസ്ജിദ് തന്നെയാണ് . നൂറ്റാണ്ടുകളായി മുസ്‌ലീംകൾ ആരാധനക്ക് ഉപയോഗിക്കുന്ന മസ്ജിദിനെതിരായ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ,ശിവക്ഷേത്രം പൊളിച്ച് മസ്ജിദ് നിർമിച്ചതിന് തെളിവുണ്ടെന്ന് കൽക്കി ദേവി ക്ഷേത്രത്തിലെ പുരോഹിതൻ പറഞ്ഞു.