മഹാരാഷ്ട്രയിൽ 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന പോളിങ്: വിജയം അവകാശപ്പെട്ട് ഇരുമുന്നണികളും

Update: 2024-11-21 03:23 GMT

മുംബൈ: മഹാരാഷ്ട്രയുടെ 30 വർഷത്തെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണത്തേത്. സംസ്ഥാനത്ത് ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, അർധരാത്രി വരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 65.1 ശതമാനമാണ് പോളിങ് നിരക്ക്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 61.39 ശതമാനവും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 61.4 ശതമാനവും മായിരുന്നു പോൾ ചെയ്തത്. 1995 ന് ശേഷം 65 ശതമാനം കടക്കുന്നത് ഇതാദ്യമാണ്. 71.69 ആയിരുന്നു 1995 ൽ പോളിങ് ശതമാനം.

എക്സിറ്റ് പോൾ ഫല പ്രവചനങ്ങൾ ബിജെപി സഖ്യമായ മഹായുതിക്ക് മുൻതൂക്കം നൽകുന്നതിനിടയിലും പോളിങ് ശതമാനമാനത്തിലെ വർധന തങ്ങളുടെ വിജയ സൂചനയാണെന്നാണ് മഹായുതിക്കൊപ്പം മഹാവികാസ് അഘാഡിയും അവകാശപ്പെടുന്നത്.

ഇരുമുന്നണികളും കൊണ്ടുപിടിച്ചു നടത്തിയ പ്രചാരണങ്ങളാണ് പോളിങിലുണ്ടായ വർധനയ്ക്ക് പിന്നിലെ പ്രധാന ഘടകമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനേക്കാൾ പോളിങിലുണ്ടായ 3.5 ശതമാനം വോട്ടുകളുടെ വർധനയാണ് ഇത്തവണ വിജയം നിർണയിക്കുക.

എപ്പോഴെല്ലാം പോളിങ് വർധിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ബിജെപി സഖ്യത്തിനാണ് രാഷ്ട്രീയമായി ഗുണമുണ്ടായിട്ടുള്ളതെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ അവകാശവാദം. ഇത്തവന്നയും അങ്ങനെയായിരിക്കും. അതുകൊണ്ട് മഹാരാഷ്ട്രയിൽ ഭരണത്തുടർച്ച ഉറപ്പിക്കാമെന്ന് അദ്ദേഹം ആവർത്തിക്കുന്നു.

എന്നാൽ സംസ്ഥാന കോൺസ് അധ്യക്ഷൻ നാനാ പഠോലെ പറയുന്നത് തിരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങൾക്കിടയിൽ ഒരു ഉണർവ് ഉണ്ടായിട്ടുണ്ട്. അവർ സംസ്ഥാനത്തിൻ്റെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നത്. ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായി കോൺഗ്രസ് ഉയർന്നു വരുമെന്നാണ്. മഹാവികാസ് അഘാഡി സഖ്യത്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കപ്പെടുമെന്നത് ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് പോളിങ് ശതമാനത്തിലുണ്ടായ വർധനയ്ക്ക് ആനുപാതികമായ ഒരു പോളിങ് തരംഗം രാജ്യത്തിൻ്റെ സാമ്പത്തിക നട്ടെല്ലും സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരവുമായ മുംബൈയിൽ ദൃശ്യമായില്ലെന്ന വിലയിരുത്തലുകളുമുണ്ട്. വോട്ട് ചെയ്യുന്നതിൽ നഗരമധ്യവർഗം കാണിക്കുന്ന വിമുഖത ഈ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.

Similar News