''ക്രിസ്ത്യാനികളാക്കി മാറ്റാന്‍ ശ്രമമെന്ന് ആരോപണം''; യുപിയില്‍ ഹിന്ദുത്വരുടെ പരാതിയില്‍ സമൂഹ പ്രാര്‍ത്ഥന നടത്തിയവരെ കസ്റ്റഡിയിലെടുത്തു

Update: 2021-10-11 10:09 GMT

മൗ: രോഗശാന്തിക്കായി സമൂഹപ്രാര്‍ത്ഥന നടത്തിയ അമ്പതോളം ക്രിസ്തുമത വിശ്വാസികളെ യുപിയിലെ മൗവില്‍ നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തു. സമൂഹപ്രാര്‍ത്ഥനയിലൂടെ ഗ്രാമീണരെ മതംമാറ്റാന്‍ ശ്രമിച്ചെന്നാണ് ആരോപണം. യുപിയിലെ കോത് വാലിയില്‍ സഹദാത്പുര കോളനിയിലാണ് സംഭവം. സമീപവാസികള്‍ നല്‍കിയ സൂചനയനുസരിച്ചാണ് പോലിസ് സ്ഥലത്തെത്തി പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടവരെ പിടികൂടിയത്.

ഞായറാഴ്ച നടത്തിയ രോഗശാന്തി ശുശ്രൂഷയിലൂടെ ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചുവെന്നാണ് പോലിസ് കേസ്. സമൂഹപ്രാര്‍ത്ഥന സംഘടിപ്പിച്ച പാസ്റ്റര്‍ അബ്രഹാമിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം ഇതേ പ്രദേശത്ത് സമൂഹപ്രാര്‍ത്ഥന നടത്താറുണ്ട്. 

നിയമവിരുദ്ധ മതംമാറ്റം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അയല്‍ വാസികള്‍ തങ്ങളെ സമീപിച്ചന്നൊണ് പോലിസ് പറയുന്നത്. ഹിന്ദു ജാഗ്രന്‍ മഞ്ചിന്റെ ജില്ലാ മേധാവി ഭാനു പ്രതാപ് സിങ് ആണ് പോലിസില്‍ പരാതി നല്‍കിയതത്രെ. സമൂഹപ്രാര്‍ത്ഥനയുടെ മറവില്‍ ഗ്രാമീണരെ മതംമാറ്റാന്‍ ശ്രമമുണ്ടെന്നാണ് ഇവര്‍ പോലിസിനെ അറിയിച്ചത്.

ക്രിസ്ത്യാനികള്‍ നിഷ്‌കളങ്കരായ ഗ്രാമീണരെ തെറ്റായ കാര്യങ്ങള്‍ പഠിപ്പിച്ച് മതംമാറ്റാന്‍ ശ്രമിക്കുന്നതായി ഡെപ്യൂട്ടി സുപ്രണ്ട് ധനഞ്ജയ് മിശ്ര പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചിലര്‍ മിഷനറിമാരാണെന്നും മറ്റു ചിലര്‍ ആദ്യമായി സന്ദര്‍ശിക്കുന്നവരുമാണത്രെ.

Tags:    

Similar News