റായ്പൂരില്‍ ക്രിസ്തുമത പ്രചാരകരെ പോലിസ് സ്‌റ്റേഷനിലിട്ട് ഹിന്ദുത്വര്‍ മര്‍ദ്ദിച്ചു
ചത്തീസ്ഗവിലെ കബീര്‍ധാം ജില്ലയിലെ പോള്‍മി ഗ്രാമത്തിലെ വീട്ടില്‍ പാസ്റ്റര്‍ കവാല്‍സിംഗ് പരാസ്‌റ്റെയെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഹിന്ദുത്വരില്‍ നിന്നും ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത്
റായ്പൂര്‍: ചത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്റര്‍ ഉള്‍പ്പടെയുള്ള ക്രിസ്തുമത പ്രചാരകരെ ഹിന്ദുത്വര്‍ പോലിസ് സ്‌റ്റേഷന്റെ അകത്തിട്ട് മര്‍ദ്ദിച്ചു. പാസ്റ്റര്‍ ഹരീഷ് സാഹു, ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം ജനറല്‍ സെക്രട്ടറി അങ്കുഷ് ബരിയേക്കര്‍, പ്രകാശ് മാസിഹ് എന്നിവരാണ് ഹിന്ദുത്വരുടെ ആക്രമണത്തിന് ഇരയായത്. പണം നല്‍കി മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ക്രിസ്ത്യന്‍ മതപ്രചാരകര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് പുരാനി ബസ്തി പോലീസ് സ്റ്റേഷനില്‍ ഹിന്ദുത്വര്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മതപ്രചാരകരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിനിടയിലാണ് ഹിന്ദുത്വര്‍ ഇവരെ മര്‍ദ്ദിച്ചത്. സംസ്ഥാനത്തെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവദനം നല്‍കി.
'ക്രിസ്ത്യന്‍ ജനതയ്‌ക്കെതിരായ ആക്രമണങ്ങള്‍ പലപ്പോഴും സംഭവിക്കുകയാണെന്നും ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും റായ്പൂരിലെ സഭാ നേതാവ് വിക്ടര്‍ ഹെന്‍ട്രി താക്കൂര്‍ അഭിപ്രായപ്പെട്ടു. ഹിന്ദുത്വ മൗലികവാദികള്‍ 'മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും തങ്ങളെ കുറ്റപ്പെടുത്തുന്നു. നിയമം കയ്യിലെടുക്കാന്‍ ആരാണ് ഹിന്ദുത്വ അക്രമികള്‍ക്ക് അനുമതി നല്‍കിയത് എന്നും അദ്ദേഹം ചോദിച്ചു.
ചത്തീസ്ഗവിലെ കബീര്‍ധാം ജില്ലയിലെ പോള്‍മി ഗ്രാമത്തിലെ വീട്ടില്‍ പാസ്റ്റര്‍ കവാല്‍സിംഗ് പരാസ്‌റ്റെയെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഹിന്ദുത്വരില്‍ നിന്നും ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത്.