'കോടതി മുറിയില്‍ നിന്ന് കേമറാമുഖത്തേക്കെന്നതൊരു പ്രവചനമായിരുന്നോ!; മമ്മുട്ടിക്ക് ഓസ്‌കര്‍ ആശംസിച്ച് അദ്ദേഹത്തെക്കുറിച്ച് ആദ്യ കുറിപ്പെഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടി
കോഴിക്കോട്: മമ്മുട്ടിക്ക് ഓസ്‌കര്‍ ആശംസിച്ച് അദ്ദേഹത്തെക്കുറിച്ച് ആദ്യ കുറിപ്പെഴുതിയ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടി. മമ്മുട്ടി അഭിനയത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്ന സമയത്ത് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് പഴയ കാര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തത്.
'കോടതി മുറിയില്‍ നിന്ന് കേമറാമുഖത്തേക്ക്' എന്ന തലക്കുറിയെഴുതി ആദ്യത്തെ പരിചയക്കുറിപ്പ് കൊടുത്തപ്പോള്‍ അതൊരു പ്രവചനമായിരുന്നൊ? എന്ന് തുടങ്ങുന്ന കുറിപ്പില്‍ ആദ്യം കുറിപ്പെഴുതാനുള്ള സാഹചര്യവും അദ്ദേഹം വിവരിക്കുന്നുണ്ട്. 'ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായി ഉയര്‍ന്നു കഴിഞ്ഞു. ഇനി കേരളത്തിനു അഭിനയത്തിനുള്ള ആദ്യത്തെ ഓസ്‌കര്‍ അവാര്‍ഡ് കൂടി നേടാന്‍ കഴിയട്ടെ. പഴയ ഒരു ചങ്ങാതിയുടെ പ്രാര്‍ത്ഥന ഇത്രമാത്രം' എന്നാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലീഗ് ടൈംസ്, മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്ന ജമാല്‍ കൊച്ചങ്ങാടി നിരവധി നാടകങ്ങളും സിനിമാ ഗാനങ്ങളും രചിച്ചിട്ടുണ്ട്. സര്‍ഗാത്മക പത്രപ്രവര്‍ത്തത്തില്‍ സ്വന്തമായ രീതി ആവിഷ്‌കരിച്ചു. മലയാളത്തിലെ വീക്കെന്‍ഡ് ജേര്‍ണലിസത്തിന്റെ സ്വഭാവം നിര്‍ണയിച്ചയാളുമാണ്. അര നൂറ്റാണ്ടുകാലം സജീവ പത്രപ്രവര്‍ത്തകനായിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
പിന്നീട് ആ മുഖത്ത് നിന്ന്
കേമറ മാറിയ ദിവസങ്ങള്‍ കുറവായിരുന്നു.
അതൊരു വെള്ളിയാഴ്ചയായിരുന്നു.
കൊച്ചങ്ങാടിയിലെ കൊച്ചു വീട്ടില്‍ ജുംആ നമസ്‌ക്കാരത്തിന് പോകാന്‍ കുപ്പായം ഇസ്തിരിയിടുമ്പോഴാണ് മുഹമ്മദ് കുട്ടി വന്നത്:
പെട്ടെന്നൊരു പ്രൊഫൈല്‍ എഴുതിത്തരണം.
പള്ളി പിരിഞ്ഞു വന്നിട്ടു പോരെ?
ഇല്ല നിങ്ങള്‍ക്കിതൊരഞ്ച് മിനിട്ടു കാര്യം. എനിക്കിതുമായി എറണാകുളത്തു പോകണം.നാനായില്‍ വരുത്താമെന്ന് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
ഒടുവില്‍ മുട്ടിന്മേല്‍ വെച്ച് എഴുതിക്കൊടുത്തു:
കോടതി മുറിയില്‍ നിന്ന് കേമറാമുഖത്തേക്ക്.
ആ പ്രയോഗം ശരിയാണോ?
നിങ്ങളങ്ങത് കൊടുത്തല്‍ മതി.
ഒരു വള്ളി പുള്ളിമാറ്റമില്ലാതെ
അടുത്ത ആഴ്ച നാനായുടെ
ലാസ്റ്റ് പേജില്‍ അതച്ചടിച്ചുവന്നു.
ഇന്നത്തെ മെഗാസ്റ്റാറിനെ കുറിച്ച് ആദ്യമായി പ്രസിദ്ധീകരിച്ച കുറിപ്പ്.
ഇപ്പോള്‍ എത്രയോ ജീവചരിത്രങ്ങള്‍ ആത്മകഥകള്‍, സ്‌പെഷ്യല്‍ എഡിഷനുകള്‍....
മമ്മുട്ടി അഭിനയ ജീവിതത്തിന്റ അരനൂറ്റാണ്ടു പിന്നീടുമ്പോള്‍ എന്തൊക്കെ ഓര്‍ക്കനുണ്ട് എനിക്കും.!
അമ്പതാണ്ടു കൊണ്ട് അദ്ദേഹം വെട്ടിപ്പിടിച്ചത് ഒരു സാമ്രാജ്യം.
അതിന് പിന്നില്‍ അവിരാമമായ അധ്വാനമുണ്ട്, അര്‍പ്പണമനോഭാവവുമുണ്ട് ,ഭാഗ്യവും!
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നന്മൊരാരിലൊരാളായി
ഉയര്‍ന്നു കഴിഞ്ഞു.
ഇനി കേരളത്തിനു അഭിനയത്തിനുള്ള ആദ്യത്തെ ഓസ്‌കാര്‍ അവാര്‍ഡ്
കൂടി നേടാന്‍ കഴിയട്ടെ.
പഴയ ഒരു ചങ്ങാതിയുടെ
പ്രാര്‍ത്ഥന ഇത്ര മാത്രം.