കലാസാംസ്‌കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള എന്‍ എ സുലൈമാന്‍ അവാര്‍ഡ് ജമാല്‍ കൊച്ചങ്ങാടിക്ക്
കാസര്‍കോട്: കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക ഭൂമികയില്‍ നിറസാന്നിധ്യമായിരുന്ന എന്‍ എ സുലൈമാന്റെ സ്മരണാര്‍ഥം തളങ്കരയിലെ മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ കലാസാംസ്‌കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള എന്‍ എ സുലൈമാന്‍ അവാര്‍ഡ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിക്ക്. പ്രസിഡന്റ് പി എസ് ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് റഫിനാമ ഉള്‍പ്പെടെ മുപ്പതില്‍പ്പരം പുസ്തകങ്ങളുടെ രചയിതാവാ ജമാല്‍ കൊച്ചങ്ങാടിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
റഹ്മാന്‍ തായലങ്ങാടി, വി വി പ്രഭാകരന്‍, എ എസ് മുഹമ്മദ്കുഞ്ഞി, പി എസ് ഹമീദ് എന്നിവരടങ്ങിയ ജൂറിയാണ് കൊച്ചങ്ങാടിയെ തെരഞ്ഞെടുത്തത്. അഞ്ചു പതിറ്റാണ്ടിലേറെ കാലമായി അക്ഷരലോകത്ത് വിരാജിക്കുന്ന ജമാല്‍ കൊച്ചങ്ങാടി എഴുത്തില്‍ കൈവെക്കാത്ത മേഖലകളില്ല. നാടകം, ചെറുകഥ, നോവല്‍, വിവര്‍ത്തനം, തിരക്കഥ, ഗാനരചന തുടങ്ങി. സര്‍ഗാത്മക പത്രപ്രവര്‍ത്തന മേഖലകളില്‍ കൊച്ചങ്ങാടിയെ പോലെ ദീര്‍ഘകാല സേവനം നടത്തിയവര്‍ വിരളം. ജനുവരി 26ന് കാസര്‍കോട്ട് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ പുരസ്‌കാരം സമര്‍പ്പിക്കും.