''ഹിജാബ് മൗലികാവകാശം; സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിക്കും''- പഠനരംഗത്ത് 19 പുരസ്‌കാരങ്ങള്‍ നേടിയ ഹിജാബണിഞ്ഞ ബുഷ്‌റ മതീന്‍ സംസാരിക്കുന്നു

Update: 2022-03-23 14:20 GMT

2022 മാര്‍ച്ചില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ കര്‍ണാടകയിലെ റെയ്ച്ചൂരില്‍നിന്നുള്ള ബുഷ്‌റ മതീന്‍, ഒറ്റയടിക്ക് 19 മെഡലുകളാണ് നേടിയത്. ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായ എല്ലാ റെക്കോര്‍ഡുകളും അവര്‍ തകര്‍ത്തു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഗവര്‍ണര്‍ തവചന്ദ് ഗെലോട്ട്, വിദ്യാഭ്യാസ മന്ത്രി സിഎന്‍ അശ്വത് തുടങ്ങിയ പ്രമുഖരുടെ കൈകളില്‍ നിന്നാണ് ബുഷ്‌റ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചത്. ഇത്രയേറെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ബുഷ്‌റ ഹിജാബ് ധരിച്ചാണ് ഇവയത്രയും സ്വീകരിച്ചത്. ഹിജാബിനെതിരേ വലിയ കോലാഹലങ്ങള്‍ നടക്കുന്ന അതേ സമയത്താണ് ബുഷ്‌റ അതിവിശിഷ്ടമായ ഈ നേട്ടം കൈവരിച്ചതെന്നതും പ്രധാനമാണ്.

ബിഇ സിവിലില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥി, വിശ്വേശ്വരയ്യ ടെക്‌നിക്കല്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥി, ബി സിവില്‍ എഞ്ചിനീയങ്ങില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിനി ഇങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ബുഷ്‌റ ഈ നേട്ടം കൈവരിച്ചത്. 

ബുഷ്‌റയുമായി നടത്തി ഒരു അഭിമുഖമാണ് താഴെ. മുസ് ലിം മിററിന്റെ നിഖത് ഫാത്തിമയാണ് അഭിമുഖം നടത്തിയത്. 

എല്ലാ കാലത്തും ബുഷ്‌റക്ക് പഠനകാര്യത്തില്‍ ഈ മികവ് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

തീര്‍ച്ചയായും എല്ലാ കാലത്തും. സ്‌കൂള്‍, പിയുസി ക്ലാസുകളില്‍ 93 ശതമാനത്തോളം മാര്‍ക്ക് ലഭിച്ചു.


പഠനരീതിയെന്താണ്? പ്രത്യേക ഫോര്‍മുലകളുണ്ടോ?

പ്രതിദിനം 4-5 മണിക്കൂറുകളോളം പഠിക്കും. ഒന്നര മണിക്കൂര്‍ നേരത്തെ പഠിച്ചവ റിവിഷന്‍ ചെയ്യാന്‍ ഉപയോഗിക്കും. ക്ലാസില്‍ മുന്നിലെത്തുകയായിരുന്നില്ല എന്റെ ലക്ഷ്യം. മുഴുവന്‍ പഠിച്ചില്ലെങ്കില്‍ എനിക്ക് സമാധാനമുണ്ടാവില്ല. എല്ലാ ടോപ്പിക്കും ഞാന്‍ പഠിച്ചു. മുന്‍ കാലങ്ങളിലെ ചോദ്യപേപ്പറുകള്‍ സ്പര്‍ശിക്കാത്ത പാഠഭാഗങ്ങള്‍ ഞാന്‍ വിട്ടുകളയില്ല. എല്ലാം പഠിക്കുമായിരുന്നു. അതുകൊണ്ട് ഇന്റേണലിലും നല്ല മാര്‍ക്ക് വാങ്ങി. സിലബസിന്റെ മുഴുവന്‍ ഭാഗവും പഠിപ്പിക്കും. ഒന്നും മാറ്റിവയ്ക്കില്ല.


ആരാണ് റോള്‍ മോഡല്‍?

എന്റെ പിതാവ്. അദ്ദേഹത്തെക്കണ്ടാണ് സിവില്‍ എടുത്തത്. കൂടാതെ സഹോദരനും പ്രോല്‍സാഹിപ്പിച്ചിരുന്നു. കുടുംബം എന്നെ തടഞ്ഞില്ല. വേണ്ടതൊക്കെ പഠിക്കാന്‍ അവര്‍ അനുവാദം നല്‍കി.

കുടുംബം?

എന്റെ പിതാവ് ഷെയ്ഖ് സഹീറുദ്ദീന്‍ സര്‍ക്കാര്‍ വകുപ്പില്‍ സിവില്‍ എഞ്ചിനീയറും അമ്മ ബിഎ ബിരുദധാരിയുമാണ്. എന്റെ ജ്യേഷ്ഠന്‍ ഷെയ്ക് തന്‍വീറുദ്ദീന്‍ ബി.ഇ പൂര്‍ത്തിയാക്കി, ഇളയ സഹോദരി ഖാവി ഫൈസര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ ചെയ്യുന്നു.

മറ്റുള്ളവര്‍ക്കുള്ള സന്ദേശം എന്താണ്?

സ്വയം ഒരു പരിധിയും വയ്ക്കരുത്, പ്രത്യേകിച്ച് പ്രായപരിധി. ഇതാണ് എല്ലാ വിദ്യാര്‍ത്ഥികളോടും പറയാനുള്ളത്. വിദ്യാഭ്യാസത്തിന് പരിധിയില്ല. ഇടയില്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം തുടരണം, ബിരുദം പൂര്‍ത്തിയാക്കണം. ഓരോ പെണ്‍കുട്ടിയും ബിരുദധാരി ആയിരിക്കണം, എങ്കിലേ അവള്‍ക്ക് സാമ്പത്തികമായി സ്വതന്ത്രരാകാന്‍ കഴിയൂ. മറ്റുള്ളവരുടെ അഭിപ്രായങ്ങളും മനോഭാവവും നിങ്ങളെ ഒരു തരത്തിലും ബാധിക്കാന്‍ അനുവദിക്കരുത്, ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് പിന്തുടരുകമാത്രം ചെയ്യുക, സ്ഥിരോത്സാഹമാണ് പ്രധാനം.

ഭാവികാര്യങ്ങള്‍?

കോച്ചിങ് ക്ലാസില്‍ ചേര്‍ന്നിട്ടുണ്ട്, ഐഎഎസ്‌കാരിയാകണമെന്ന് ആഗ്രഹം.

ഹോബികളെന്താണ്?

വായന, യാത്ര, പുതിയ സ്ഥലങ്ങള്‍, പുതിയ കാര്യങ്ങള്‍... ഫിക്ഷനും നോണ്‍ഫിക്ഷനും വായിക്കും.

ഹിജാബ് വിവാദത്തെക്കുറിച്ച് എന്തുപറയുന്നു?

ബിരുദദാന ചടങ്ങില്‍ ഹിജാബ് ധരിച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണ്. പ്രത്യേകിച്ച് ഇന്ത്യയില്‍. ദൈവം സഹായിച്ചാല്‍ സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നു.

Tags:    

Similar News