മുത്തൂറ്റ് സമരം: ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന്
ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ വൈകീട്ട് മൂന്നിന് കൊച്ചിയിലാണ് ചര്‍ച്ച നടക്കുക.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന് നടക്കും. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ വൈകീട്ട് മൂന്നിന് കൊച്ചിയിലാണ് ചര്‍ച്ച നടക്കുക.
ചര്‍ച്ചയില്‍ സിഐടിയു നേതാക്കളും മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും. തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, ശമ്പള വര്‍ധനവ് നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.
അതേസമയം, മുത്തൂറ്റിന്റെ 43 ശാഖകള്‍ എന്നന്നേക്കുമായി പൂട്ടിയിടുമെന്ന മുന്നറിയിപ്പും മാനേജ്‌മെന്റ് നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തൊഴിലാഴികളെ കുറച്ചതെന്നാണ് മാനേജ്‌മെന്റ് നിലപാട്. ചര്‍ച്ചകള്‍ക്കിടയില്‍ എം സ്വരാജ് എം.എല്‍എ മോശമായി പെരുമാറിയെന്ന് മാനേജ്‌മെന്റ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ തുടരാനാണ് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം.