''സര്‍ക്കാരില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അവസരം നല്‍കണം''; അഫ്ഗാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥന പുറപ്പെടുവിച്ച് ടെഹ്‌റാന്‍ ഉച്ചകോടി
ടെഹ്‌റാന്‍: സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആഹ്വാനം ചെയത് ടെഹ്‌റാന്‍ ഏകദിന ഉച്ചകോടി. അഫ്ഗാന്റെ അയല്‍രാജ്യങ്ങളിലെ പ്രതിനിധികളുടെ യോഗത്തിലാണ് താലിബാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥന പുറപ്പെടുവിച്ചത്.
എല്ലാവര്‍ക്കും അവസരം നല്‍കുന്ന തരത്തില്‍ ഒരു രാഷ്ട്രീയ സംവിധാനം ആവശ്യമാണെന്നും രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവേകപൂര്‍ണമായ വിദേശ നയവും തദ്ദേശീയ നിലപാടുകളും സ്വീകരിക്കാന്‍ തയ്യാറാവണം. അഫ്ഗാന്റെ മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരേ ഉപയോഗിക്കാന്‍ അനുവദിക്കരുത്. അയല്‍രാജ്യങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണമായ സമീപനമായിരിക്കണം വേണ്ടത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വില കല്‍പ്പിക്കണം. സംഘടിത കുറ്റകൃത്യങ്ങള്‍ക്കും മയക്കുമരുന്ന് മനുഷ്യക്കടത്തിനും ഭീകരവാദത്തിനും എതിരേ സമീപനം സ്വീകരിക്കണം- പ്രസ്താവന തുടരുന്നു.
അഫ്ഗാനില്‍ നിന്ന് പുറത്തേക്കുള്ള ജനങ്ങളുടെ കുടിയേറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ കൊക്കൊള്ളണമെന്നും അതിന്റെ അടിസ്ഥാന കാരണം കണ്ടെത്തണമെന്നും നേതാക്കള്‍ അഫ്ഗാന്‍ അധികാരികളോട് ആഹ്വാനം ചെയ്തു.
ആഗസ്റ്റ് 15നാണ് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ സൈനിക സഖ്യത്തെ തോല്‍പ്പിച്ച് താലിബാന്‍ കാബൂളിന്റെ നിയന്ത്രണം കരസ്ഥമാക്കിയത്.
അഫ്ഗാന്റെ വിധി അതിന്റെ അയല്‍രാജ്യങ്ങളെ സംബന്ധിടത്തോളം പ്രധാനമാണെന്ന സന്ദേശമാണ് ഉച്ചകോടി നല്‍കുന്നതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയും സമ്പദ്ഘടനയുടെ തകര്‍ച്ചയും അഫ്ഗാന്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. അഫ്ഗാനുമായുള്ള വ്യാപാര ശൃംഖല തുറന്നിടുമെന്ന് ഇറാന്‍ പറഞ്ഞു.
ഉച്ചകോടിയില്‍ പാകിസ്താന്‍, തജാക്കിസ്താന്‍, തുര്‍ക്ക്മിനിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ വീഡിയോ ലിങ്ക് വഴി പങ്കെടുത്തു.
സമാനമായ മറ്റൊരു യോഗം ഒരാഴ്ചക്ക് മുമ്പ് താലിബാന്റെ മുന്‍കയ്യില്‍ മോസ്‌കോയില്‍ നടന്നിരുന്നു.