ശരിഅ നടപ്പാക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സൈനിക ട്രിബ്യൂണലിന് രൂപം കൊടുക്കുന്നു
ഇസ് ലാമാബാദ്: രാജ്യത്ത് ശരിഅ നടപ്പാക്കാന്‍ സൈനിക ട്രിബ്യൂണല്‍ സ്ഥാപിക്കുമെന്ന് അഫ്ഗാന്‍ ഇടക്കാല ഭരണകൂടം. ഹിബത്തുല്ല അഖുന്ദ്‌സാദയുടെ നേതൃത്വത്തിലാണ് ട്രിബ്യൂണല്‍ രൂപീകരിക്കുക. ശരിഅ, ദൈവിക കല്‍പ്പനകള്‍, സാമൂഹിക പരിഷ്‌കരണം എന്നിവയും ട്രിബ്യൂണല്‍ പരിഗണിക്കുമെന്ന് താലിബാന്‍ ഡെപ്യൂട്ടി വക്താവ് ഇനാമുല്ല സമംഗാനി പറഞ്ഞു.
ഉബൈദുല്ല നിസാമിയായിരിക്കും ട്രിബ്യൂണല്‍ ചെയര്‍മാന്‍. സെയ്ദ് അഗാസും സഹെദ് അഖുന്ദ്‌സാദെയും ഡെപ്യൂട്ടി ചെയര്‍മാന്‍മാരാവും.
ശരിഅ നിയമം നടപ്പാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും ഇസ് ലാമിക വ്യക്തിനിയമത്തിനനുസരിച്ച് വിധികള്‍ പുറപ്പെടുവിക്കാനും ട്രിബ്യൂണലിന് അധികാരമുണ്ടാവും. കൂടാതെ താലിബാന്‍ നേതാക്കള്‍ക്കും പോലിസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കുമെതിരേയുളള പരാതികളും ട്രിബ്യൂണല്‍ വിചാരണക്കെടുക്കും.
അമേരിക്കന്‍ സേന രാജ്യം വിട്ടതോടെ അഫ്ഗാനിലെ നിയമവവ്യവസ്ഥ നിര്‍ജീവമായ അവസ്ഥയിലാണ്. താലിബാന്‍ സൈനികര്‍ തന്നെയാണ് വിധി പറയുന്നതും വിധി നടപ്പാക്കുന്നതും.
രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി താലിബന്‍ ഇന്റലിജന്‍സ് വിഭാഗം പറയുന്നു. അധികാരത്തിലെത്തിയ ശേഷം 82 തട്ടിക്കൊണ്ടുപോകലുകള്‍ നടന്നതായും അവകാശപ്പെട്ടു.
മുന്‍ വലേസി ജിര്‍ഗ (അഫ്ഗാന്‍ പാര്‍ലമെന്റിന്റെ അധോമണ്ഡലം) അംഗമായ അല്ലാ ഗുല്‍ മുജാഹിദിന് മര്‍ദ്ദനമേറ്റതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി ഹസന്‍ അഖുന്ദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അല്ലാ ഗുല്‍ മുജാഹിദിനെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായിരുന്നു.