തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ 101 വയസ്സുകാരി കൊവിഡ് മുക്തയായി. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുപ്പതിയ്ക്കു കീഴിലുള്ള ശ്രീ പത്മാവതി വുമന്‍സ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരുന്ന മങ്കമ്മയാണ് കൊവിഡ്മുക്തയായത്.
ജൂലൈ 25ാം തിയ്യതി മങ്കമ്മ രോഗമുക്തയായി ആശുപത്രി വിട്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. റാം പറഞ്ഞു.
ഏതാനും ദിവസം മുമ്പാണ് 101 വയസ്സുള്ള മങ്കമ്മയെ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും 101 വയസ്സുകാരിയായ രോഗിയ്ക്ക് ഏറ്റവും നല്ല ചികില്‍സ തന്നെ നല്‍കിയെന്ന് ഡോ. റാം പറഞ്ഞു. കൊവിഡിനെ അതിജീവിക്കാനാവുമെന്നതിന് ഒരു മാതൃകയാണ് മങ്കമ്മയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ജീവനക്കാരോടും ഡോക്ടര്‍മാരോടും മങ്കമ്മയുടെ കുടുംബം നന്ദി പറഞ്ഞു.