15 ഒഴിവിലേക്ക് അപേക്ഷകരായെത്തിയത് 11,000 പേര്‍; തൊഴിലില്ലായ്മയുടെ രൂക്ഷത ബോധ്യപ്പെടുത്തി ഗ്വാളിയോറിലെ ദുരനുഭവങ്ങള്‍

Update: 2021-12-29 01:48 GMT

ഭോപാല്‍: കൊവിഡാനന്തര ഇന്ത്യന്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി മധ്യപ്രദേശിലെ ഗ്വാളിയോറിലെ റിക്രൂട്ട്‌മെന്റ് കേന്ദ്രം. പ്യൂണ്‍, ഡ്രൈവര്‍, വാച്ചമാന്‍ തസ്തികയിലുള്ള 15 ഒഴിവിലേക്ക് അപേക്ഷകരായി തിങ്ങിക്കൂടിയത് 11,000 പേരാണ്. ശിയാഴ്ചയും ഞായറാഴ്ചയുമാണ് അഭിമുഖം നിശ്ചയിച്ചിരുന്നത്. മധ്യപ്രദേശിലുള്ള ഒഴിവില്‍ അപേക്ഷിക്കാന്‍ തൊട്ടടുത്ത യുപിയില്‍ നിന്നപോലും അപേക്ഷകരെത്തി. 

പത്താംക്ലാസ് പാസ്സായ ആളെയാണ് വേണ്ടിയിരുന്നതെങ്കിലും എത്തിയത് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും എഞ്ചിനീയര്‍മാരും എംബിഎക്കാരുമാണ്. സിവില്‍ ജഡ്ജി നിയമനത്തിന് അപേക്ഷിച്ചവര്‍പോലുമുണ്ടായിരുന്നു.

''ഞാനൊരു സയന്‍സ് ബിരുദധാരിയാണ്. ഞാനും പ്യൂണ്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചിരുന്നു. പിഎച്ച്ഡിക്കാര്‍ പോലും ഈ വരിയിലുണ്ടെ''ന്ന് നിയമനം കാംക്ഷിച്ചെത്തിയവരിലൊരാളായ അജയ് ബാഗെല്‍ പറഞ്ഞു.

നിയമബിരുദധാരിയായ ജിതേന്ദ്ര മൗര്യ എത്തിയത് ഡ്രൈവറുടെ ഒഴിവിലേക്ക് മല്‍സരിക്കാനാണ്. പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടാണ് അദ്ദേഹം ഡ്രൈവര്‍ മോഹവുമായി എത്തിയത്.

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം തെരുവുകച്ചവടക്കാര്‍ക്കുള്ള പദ്ധതിയിലേക്ക് അപേക്ഷിച്ചത് 15 ലക്ഷം പേരാണ്. അതില്‍ 90 ശതമാനം പേരും ബിരുദധാരികളായിരുന്നു.

അതേസമയം സംസ്ഥാനത്ത് 1.7 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്കെന്നാണ് സര്‍ക്കാരിന്റെ വാദം. അതിനെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം അനുഭവങ്ങള്‍.

മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന ആത്മഹത്യകളില്‍ 95 എണ്ണത്തിന് കാരണം തൊഴിലില്ലായ്മയായിരുന്നു.

Tags:    

Similar News