രാജ്യം കൊവിഡ് വ്യാപനത്തിന്റെ പിടിയിലകപ്പെടുന്നത് 2019 അവസാനമാണ്. 2020ലാണ് കൊവിഡ് മരണത്തേക്കാള്‍ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തെ തകര്‍ക്കാന്‍ തുടങ്ങിയത്. കുടിയേറ്റക്കാരായ തൊഴിലാളികള്‍ കിട്ടിയ വാഹനങ്ങൡ കയറിയും കാല്‍നടയായും നാടുപിടിച്ച വാര്‍ത്ത ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ യാത്രയില്‍ നിരവധി നിര്‍ഭാഗ്യവാന്മാര്‍ക്ക് സ്വന്തം ലക്ഷ്യത്തിലെത്താനായില്ല. അവരില്‍പലരും വഴിയരികില്‍ മരിച്ചുവീണു.
ഇപ്പോള്‍ അതിന്റെ എല്ലാ വൈകാരികതകളും മാറ്റിവച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് ഉയരുകയാണ്. ജൂലൈ 18ന് 5.98 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഇപ്പോള്‍ ജൂലൈ 25ന് 7.14 ശതമാനമായി ഉയര്‍ന്നു. വെറും ഒരാഴ്ച കൊണ്ടാണ് ഈ പതനം. തൊഴിലില്ലായ്മയുടെ പ്രവണത ഗ്രാമീണ മേഖലയി മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. നഗരങ്ങളിലും സ്ഥിതി ഗുരുതരമാണ്. സെന്റര്‍ ഫോര്‍ മോനിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയാണ് പുതിയ വിവരങ്ങള്‍പുറത്തുവിട്ടത്.
എങ്കിലും ചെറിയ ആശ്വാസമായി പ്രതിമാസ തൊഴിലില്ലായ്മ നിരക്കില്‍ ചെറിയ കുറവുണ്ട്. ജൂണില്‍ 10 ശതമാനമായിരുന്നു ഈ നിരക്ക്. രണ്ടാം തരംഗം ഗൗരവമായി രാജ്യത്തെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് തൊഴിലില്ലായ്മയിലും വര്‍ധനവുണ്ടായത്.
കൊവിഡ് കാലത്ത് നടപ്പാക്കുന്ന നിയന്ത്രണങ്ങളും അടച്ചിടലും തന്നെ തൊഴിലില്ലായ്മയുണ്ടാക്കിയ വില്ലന്‍.
സിഎംഐഇ റിപോര്‍ട്ട് ഔദ്യോഗിക കണക്കല്ലെങ്കിലും അവരുടെ പഠനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് വിദഗ്ധര്‍ നല്‍കുന്നത്. അതേസമയം സിഎംഐഇ റിപോര്‍ട്ട് നല്‍കുന്നപോലെ തീവ്രമായ രീതിയില്‍ ചാഞ്ചാടുന്ന പ്രവണത സര്‍ക്കാര്‍ കണക്കിലില്ലെന്നതും ശ്രദ്ധേയമാണ്.
ഇതിനിടയിലും നഗരങ്ങളിലെ തൊഴിലില്ലായ്മയാണ് ഇപ്പോഴും ഗുരുതരമായി തുടരുന്നത്. നിലവിലത് 8.01 ശതമാനമാണ്. കഴിഞ്ഞ ആഴ്ച ഇത് 7.94 ശതമാനമായിരുന്നു. നഗരങ്ങളില്‍ ഈ അളവ് 6.75 ശതമാനമാണ്. കഴിഞ്ഞ ആഴ്ച ഇത് 5.1 ശതമാനമായിരുന്നു.
രാജ്യത്തെ ബിസിനസ് രംഗം മരവിച്ച അവസ്ഥയിലാണെന്ന റിപോര്‍ട്ടും ഉണ്ട്. നൊമുറ ഇന്ത്യന്‍ ബിസിനസ്സ് റിസംപ്ഷന്‍ ഇന്‍ഡക്‌സ് 96.3 ശതമാനത്തില്‍ നിന്ന് 95.3 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്. ഈ ഇന്‍ഡക്‌സിലുണ്ടാകുന്ന ഇടിവ് ബിസിനസ്സ് ആക്റ്റിവിറ്റിയിലുണ്ടാകുന്ന ഇടിവായാണ് കണക്കാക്കുക.
തൊഴിലില്ലായ്മയിലുണ്ടായ വര്‍ധന ജനങ്ങളുടെ ജീവിതസാഹചര്യത്തിലും വരുമാനത്തിലും സ്വാഭാവികമായും ഇടിവുണ്ടാക്കിയിട്ടുണ്ട്. പുറത്തുവന്ന കണക്കുകള്‍ ഇക്കാര്യം ശരിവയ്ക്കുന്നു.
ഈ സാഹചര്യത്തില്‍ കൊവിഡ് കണക്കുകള്‍ നിരത്തി ജനങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.