സർക്കാർ നൽകാനുള്ളത് 12 കോടി; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 130 കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി
കോഴിക്കോട്: നഗരത്തിലെ സാധാരണക്കാരുടെ ആശ്രയമായ കോഴിക്കോട് ജില്ല ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ആവശ്യത്തിന് ഫണ്ടില്ലാത്തതിനാല്‍ കരാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഈ മാസം ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാണ് അനുവദിച്ചത്.
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കം വിവിധ പദ്ധതികളില്‍നിന്ന് ആശുപത്രിക്ക് സര്‍ക്കാറില്‍നിന്ന് 12 കോടിയോളം രൂപ ലഭിക്കാനുള്ളപ്പോഴാണ് ഫണ്ടില്ലാതെ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്. ആശുപത്രി വികസനസമിതിക്ക് കീഴില്‍ നിയമിതരായവര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. വികസന സമിതിയുടെ മറ്റ് പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ശമ്പളം ചോദിക്കുന്ന ജീവനക്കാര്‍ക്കു മുന്നില്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ആശുപത്രി അധികാരികള്‍.
സുരക്ഷാ ജീവനക്കാര്‍, ക്ലീനിങ് തൊഴിലാളികള്‍, അറ്റന്‍ഡര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, നഴ്‌സിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്‌കികകളില്‍ നിയമനം ലഭിച്ചവര്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. തുച്ഛമായ ശമ്പളത്തില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ ശമ്പളം മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസും ബസ് ഫീസും അടക്കാന്‍ നിവൃത്തിയില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് തങ്ങളെന്ന് ജീവനക്കാര്‍ പറയുന്നു.
ലോണ്‍ തിരിച്ചടവ് മുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ ആശുപത്രില്‍നിന്ന് ലീവെടുത്ത് കൂലിപ്പണിക്ക് പോവേണ്ട ഗതികേടിലാണ് തങ്ങളെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.ആശുപത്രിയിലെ 50 എന്‍എച്ച്എം കരാര്‍ ജീവനക്കാര്‍ക്കും മേയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. സ്റ്റന്റ് വിതരണക്കാര്‍ക്ക് കുടിശ്ശിക അനുവദിക്കാത്തതിനെ കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ബീച്ച് ആശുപത്രിയിലേക്ക് വിതരണം നിര്‍ത്തലാക്കി.
ഇതോടെ ബീച്ച് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.