ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 12 ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ പിടിയില്‍
ചെന്നൈ: ഇന്ത്യയിലേക്ക് രേഖകളില്ലാതെ കടക്കാന്‍ ശ്രമിച്ച 12 ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ പിടിയിലായി. രാമേശ്വരം തീരത്തിന് സമീപം ധനുഷ്‌കോടിയിലെ തുരുത്തില്‍ നിന്ന് ചൊവാഴ്ച രാത്രിയിലാണ് ഇവരെ കണ്ടെത്തിയത്. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 12 അഭയാര്‍ഥികളെ രാമനാഥപുരം മണ്ഡപത്തെ അഭയാര്‍ഥി ക്യാംപിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പ്രദേശവാസികള്‍ അവരുടെ സാന്നിധ്യം അറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഹോവര്‍ക്രാഫ്റ്റ് ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ അരിചല്‍മുനയിലെ കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പ് (മറൈന്‍) പോലിസിന് കൈമാറി. മറൈന്‍ പോലിസ് ശ്രീലങ്കക്കാരെ മണ്ഡപം മറൈന്‍ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തു.
ശ്രീലങ്കന്‍ സ്വദേശികളായ ജാഫ്‌ന ജില്ലയിലെ ചെട്ടികുളം സ്വദേശി കലൈകുമാര്‍ (33), ഭാര്യ ആനന്ദിനി (31), ഇവരുടെ രണ്ട് കുട്ടികള്‍ (12 വയസുള്ള ആണ്‍കുട്ടിയും 12 വയസുള്ള പെണ്‍കുട്ടിയും), ചെട്ടിക്കുളത്തെ തില്ലയമ്മാള്‍ (64), കയിലയ പിള്ള (54) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൂടാതെ മട്ടക്കലാപ്പ് ജില്ലയിലെ ഒന്താച്ചിമടം സ്വദേശി ശശികരന്‍ (35), ഭാര്യ കലൈശെല്‍വി (30), അവരുടെ നാല് മക്കളും (10, 9, 5 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളും 6 വയസ്സുള്ള ഒരു ആണ്‍കുട്ടിയും) ആണ് സംഘത്തിലുണ്ടായിരുന്നത്.
തലൈമന്നാറില്‍ നിന്ന് അനധികൃത കടത്തുവള്ളത്തിലെത്തിയ ഇവര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാലാമത്തെ മണ്‍കൂനയിലെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന ലങ്കയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ജനങ്ങള്‍ പലായനം ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യയിലേക്കും ഇന്ത്യ വഴി പാശ്ചാത്യ രാജ്യങ്ങളിലേക്കും കടക്കാന്‍ ശ്രമിക്കുന്നവരെ ചൂഷണം ചെയ്യുന്ന തട്ടിപ്പുസംഘങ്ങളും സജീവമാണ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ശ്രീലങ്കന്‍ പൗരന്‍മാരുടെ എണ്ണം 170 ആയി. ഇവരില്‍ ഒരു വയോധിക ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് മരിച്ചു.