''ട്രാന്‍സ് ജെന്‍ഡര്‍'' വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കി യുഎസ് കോടതി
കെന്റക്കീ(യുഎസ്): ''ട്രാന്‍സ് ജെന്‍ഡര്‍'' വിഭാഗത്തിലെ വിദ്യാര്‍ഥികളെ വിവേചനങ്ങളില്‍ നിന്ന് സംരക്ഷിക്കാനെന്ന പേരില്‍ ബൈഡന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം ഫെഡറല്‍ കോടതി റദ്ദാക്കി. വിദ്യഭ്യാസ മേഖലയില്‍ ലിംഗാടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന ഫെഡറല്‍ നയങ്ങളുടെ ലംഘനമാണ് സര്‍ക്കാരിന്റെ പുതിയ ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡാനി റീവ്‌സിന്റെ ഉത്തരവ്. വിദ്യാര്‍ഥികളുടെ ശരീരപരമായ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വേണം ശൗചാലയങ്ങളും താമസസൗകര്യങ്ങളും ഒരുക്കേണ്ടതെന്ന 1972ലെ വിദ്യഭ്യാസ നിയമഭേദഗതിക്ക് എതിരാണ് പുതിയ ചട്ടമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നു പറയുന്ന വിഭാഗത്തിന് പ്രത്യേകപരിരക്ഷകളോ സംരക്ഷണങ്ങളോ നല്‍കാനാവില്ല.
വിദ്യാര്‍ഥികളെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ 'അവന്‍', ;അവള്‍' എന്നു വിളിക്കുന്നത് ശരിയാണെങ്കിലും ട്രാന്‍സ് ജെന്‍ഡറുകളെ 'അവര്‍' എന്നൊക്കെ വിളിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്ന ചട്ടം അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതിയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. യുഎസിലെ 20 സംസ്ഥാനങ്ങളിലെ കോടതികള്‍ ബൈഡന്‍ സര്‍ക്കാരിന്റെ ചട്ടങ്ങള്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്. എന്നാല്‍, കെന്റക്കീയിലെ കോടതിയാണ് ആദ്യമായി ചട്ടം റദ്ദാക്കിയിരിക്കുന്നത്. ലിബറല്‍ ലിംഗസിദ്ധാന്തങ്ങള്‍ സമൂഹത്തില്‍ കുത്തിവയ്ക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കെന്റക്കീയില്‍ പരാജയപ്പെട്ടതായി ടെനസി സംസ്ഥാനത്തെ അറ്റോണി ജനറലായ ജോനതന്‍ സ്‌ക്രിമെറ്റി പറഞ്ഞു. സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ചട്ടങ്ങള്‍ കൊണ്ടുവന്ന ശേഷം പെണ്‍കുട്ടികളുടെ ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ നിരവധി ഹരജികളാണ് കോടതി പരിശോധിച്ചത്.