കൊളംബോ: ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുസംഘത്തിലെ കണ്ണികളായ 137 ഇന്ത്യക്കാരെ ശ്രീലങ്കന്‍ കുറ്റാന്വേഷണവിഭാഗം (സിഐഡി) അറസ്റ്റുചെയ്തു. കൊളംബോയുടെ പ്രാന്തപ്രദേശങ്ങളായ മഡിവേല, ബത്തരമുള്ള, നെഗുംബോ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച സിഐഡി നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്.
ഇവരുടെ പക്കല്‍നിന്ന് 158 മൊബൈല്‍ഫോണും 16 ലാപ്‌ടോപ്പും 60 ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറും പിടിച്ചെടുത്തു.നെഗുംബോയിലെ ആഡംബരവീട്ടില്‍ നടത്തിയ തിരച്ചിലിലാണ് അന്വേഷണസംഘത്തിന് നിര്‍ണായകത്തെളിവുകള്‍ ലഭിച്ചത്. അതനുസരിച്ച് ആദ്യം 13 പേരെയും പിന്നീട് 19 പേരെയും പിടികൂടി. പെരദെനിയയില്‍ പിതാവും മകനും സംഘത്തെ സഹായിച്ചതായി സമ്മതിച്ചു. തട്ടിപ്പിനിരയായ ആളുടെ പരാതിപ്രകാരമായിരുന്നു അന്വേഷണം. സാമൂഹികമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിന് പണം നല്‍കാമെന്നുപറഞ്ഞാണ് സംഘം തട്ടിപ്പുനടത്തിയത്. വാഗ്ദാനത്തില്‍ ആകൃഷ്ടരായി എത്തുന്നവരെ വാട്‌സാപ്പ് കൂട്ടായ്മയില്‍ ചേര്‍ക്കും. ആദ്യഘട്ട പ്രതിഫലം നല്‍കിയശേഷം ഇരകളെ നിക്ഷേപത്തിനായി നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് അന്വേഷണസംഘം പറഞ്ഞു.
തട്ടിപ്പിനിരയായവരില്‍ തദ്ദേശീയരും വിദേശികളുമുണ്ട്. ദുബായ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര തട്ടിപ്പുറാക്കറ്റിലെ കണ്ണികളാണിവരെന്നാണ് സൂചന. നിയമവിരുദ്ധവാതുവെപ്പ്, ചൂതാട്ടം തുടങ്ങിയ മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും സംഘം നടത്തിയതായി അന്വേഷണസംഘം സംശയിക്കുന്നു.