മതപരമായ അടിച്ചമര്‍ത്തല്‍: ഇന്ത്യയെ 'പ്രത്യേകം ശ്രദ്ധ ആവശ്യപ്പെടുന്ന രാജ്യങ്ങ'ളുടെ പട്ടികയില്‍ പെടുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് 14 സെനറ്റര്‍മാരുടെ കത്ത്
വാഷിങ്ടണ്‍: മതപരമായ അടിച്ചമര്‍ത്തല്‍ ശക്തമായ ഇന്ത്യയെ 'പ്രത്യേകം ശ്രദ്ധ ആവശ്യപ്പെടുന്ന രാജ്യങ്ങ'ളുടെ പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പാംപിയോക്ക് 14 സെനറ്റര്‍മാരുടെ കത്ത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിക്കാന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടത്. കത്തില്‍ 10 റിപബ്ലിക്കന്‍ സെനറ്റര്‍മാരും 4 ഡെമോക്രാറ്റിക് സെനറ്റര്‍മാരും ഒപ്പുവച്ചു.
സെനറ്റര്‍മാരുടെ സമയോചിതമായ ഇടപെടലിനെ ഇന്ത്യയിലെയും അമേരിക്കയിലെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഇന്ത്യയിലെ വംശഹത്യക്കെതിതായ സഖ്യം' സ്വാഗതം ചെയ്തു. ഏറ്റവും കൂടുതല്‍ മതപരമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന രാജ്യങ്ങളെയാണ് അമേരിക്ക 'പ്രത്യേകം ശ്രദ്ധ ആവശ്യപ്പെടുന്ന രാജ്യ'മായി നിര്‍വചിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 9 രാജ്യങ്ങളെയാണ് അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന്‍ ഈ പട്ടികയില്‍ പെടുത്തിയത്. ചൈന, വടക്കന്‍ കൊറിയ, ബര്‍മ, പാകിസ്താന്‍, സൗദി അറേബ്യ തുടങ്ങി ഒമ്പത് രാജ്യങ്ങളെയാണ് കമ്മീഷന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആ പട്ടികയില്‍ ഇന്ത്യയെ കൂടെ ഉള്‍പ്പെടുത്തണമെന്നാണ് സെനറ്റര്‍മാരുടെ ആവശ്യം.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തിന്റെ തോത് കണക്കിലെടുത്ത് കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്ത്യയെ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് 'ഇന്ത്യയിലെ വംശഹത്യക്കെതിരെയുള്ള സഖ്യം' ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യത്തിനുള്ള അംഗീകാരമായാണ് 14 സെനറ്റര്‍മാര്‍ ഒപ്പു വച്ച കത്തിനെ കണക്കാക്കുന്നത്.
സര്‍ക്കാരിന്റെയോ മറ്റാരുടേയെങ്കിലും പീഡനത്തെ ഭയക്കാതെ, എല്ലാ ആളുകള്‍ക്കും അവരുടെ ഇഷ്ടാനുസരണം സ്വതന്ത്രമായി മതമാചരിക്കാന്‍ അവകാശമുണ്ടെന്ന തത്വത്തിലാണ് അമേരിക്ക സ്ഥാപിതമായതെന്ന് സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി. 'സ്വതന്ത്ര ലോകത്തിന്റെ വക്താക്കളായ നമ്മുടെ രാജ്യം വിദേശനയത്തിന്റെ ഭാഗമായി ഈ നിര്‍ണായക മനുഷ്യാവകാശത്തെയും മൂല്യങ്ങളെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും മാതൃകയാക്കുന്നതിന് പരിശ്രമിക്കുകയും അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അതിന് ആദ്യം വേണ്ടത് മതത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങളും വിവേചനങ്ങളും ജനശ്രദ്ധയില്‍ കൊണ്ടുവരികയും അതിനെതിരേ നിലപാടെടുക്കുകയുമാണ്. മോദി സര്‍ക്കാര്‍ അതിന്റെ പിന്തിരിപ്പന്‍ നയത്തില്‍ നിന്ന് മാറി ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളായ മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചത് യുഎസ് പാര്‍ലമെന്റിന്റെ ഗൗരവമായാണ് കാണുന്നതെന്നതിന് ഉദാഹരണമാണ് ഈ കത്തെന്ന് കരുതപ്പെടുന്നു.
ജെയിംസ് ലങ്ക്‌ഫോര്‍ഡ് (ആര്‍-ഒക്ലഹോമ), ക്രിസ് കൂണ്‍സ് (ഡി-ഡെലവെയര്‍), ചക് ഗ്രാസ്ലി (ആര്‍-അയോവ), മാര്‍ക്കോ റൂബിയോ (ആര്‍-ഫ്‌ലോറിഡ), ലിന്‍ഡ്‌സെ ഗ്രഹാം (ആര്‍-സൗത്ത് കരോലിന), തോം ടില്ലിസ് (ആര്‍-നോര്‍ത്ത് കരോലിന), ടിം സ്‌കോട്ട് (ആര്‍-സൗത്ത് കരോലിന), ജോണി ഏണസ്റ്റ് (ആര്‍-അയോവ), ജാക്കി റോസന്‍ (ഡി-നെവാഡ), കെവിന്‍ ക്രാമര്‍ (ആര്‍-നോര്‍ത്ത് ഡക്കോട്ട), റോജര്‍ വിക്കര്‍ (ആര്‍-മിസിസിപ്പി), സ്റ്റീവ് ഡെയ്ന്‍സ് (ആര്‍-മൊണ്ടാന), ക്രിസ് വാന്‍ ഹോളന്‍ (ഡി-മേരിലാന്‍ഡ്), ജോ മഞ്ചിന്‍ (ഡി-വെസ്റ്റ് വിര്‍ജീനിയ) തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.