എല്ലാവരുടെയും മത സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കാം; ഇന്ത്യയോട് അമേരിക്ക

'നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഇക്കാര്യങ്ങള്‍ക്ക് മേല്‍ വേണ്ട ശ്രദ്ധ നമ്മള്‍ നല്‍കാതിരിക്കുമ്പോഴാണ് ലോകം കൂടുതല്‍ മോശമാകുന്നത്,' പോംപെയോ പറഞ്ഞു.

Update: 2019-06-26 17:39 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നുമുള്ള യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ മതസ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്ത് അമേരിക്കന്‍ വിദേശ സെക്രട്ടറി. എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കണമെന്നാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ പറഞ്ഞത്. 'ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഈ അവകാശങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ശക്തമായി നമുക്ക് സംസാരിക്കാം. ഇക്കാര്യങ്ങള്‍ക്ക് മേല്‍ വേണ്ട ശ്രദ്ധ നമ്മള്‍ നല്‍കാതിരിക്കുമ്പോഴാണ് ലോകം കൂടുതല്‍ മോശമാകുന്നത്,' പോംപെയോ പറഞ്ഞു.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് 2018 എന്ന പേരില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗോസംരക്ഷകരുടെ ആക്രമണവും ആള്‍കൂട്ട ആക്രമണവും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അതേസമയം, യുഎസ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളി. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് വിദേശ രാജ്യം നല്‍കുന്ന വിശ്വാസ്യത ആവശ്യമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.




Tags:    

Similar News