മതസ്വാതന്ത്ര്യ ലംഘനം: ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യയെ പ്രത്യേക ശ്രദ്ധയുള്ള രാജ്യമായി പ്രഖ്യാപിക്കാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം ഇല്‍ഹാന്‍ ഉമര്‍ ആണ് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.

Update: 2022-06-23 20:11 GMT

വാഷിങ്ടണ്‍: രാജ്യത്തെ മതസ്വാതന്ത്ര്യ ലംഘനം ചൂണ്ടിക്കാട്ടി ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യയെ പ്രത്യേക ശ്രദ്ധയുള്ള രാജ്യമായി പ്രഖ്യാപിക്കാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം ഇല്‍ഹാന്‍ ഉമര്‍ ആണ് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗങ്ങളായ റാഷിദ താലിബും ജുവാന്‍ വര്‍ഗാസും പ്രമേയത്തെ പിന്തുണച്ചു.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാനും പ്രമേയം

ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യമായ നടപടികള്‍ക്കായി ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിക്ക് അയച്ചു.

മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ദലിതുകള്‍, ആദിവാസികള്‍, മറ്റ് മതസാംസ്‌കാരിക ന്യൂനപക്ഷങ്ങള്‍ എന്നിവരെ 'ലക്ഷ്യമാക്കുന്ന' മനുഷ്യാവകാശ ലംഘനങ്ങളെയും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങളെയും ഉമറിന്റെ പ്രമേയം അപലപിക്കുന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോടുള്ള മോശമായ പെരുമാറ്റത്തെക്കുറിച്ച് അത് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടിലെ വിമര്‍ശനം നേരത്തേ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

Tags:    

Similar News