കൊറോണ: രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന സംശയത്തില്‍ നിരവധി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വയംപ്രഖ്യാപിത ഏകാന്തവാസത്തിലേക്ക്
ഏതാനും ദിവസം മുമ്പ് കൊറോണ ബാധ സ്ഥിരീകരിച്ചവരുമായി, അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്ന സംശയത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വയംപ്രഖ്യാപിത വിലക്കിലേക്ക് നീങ്ങിയത്.
വാഷ്ങ്ടണ്‍: കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയിക്കുന്ന നിരവധി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വയം ഏകാന്തവാസം തിരഞ്ഞെടുത്തതായി റിപോര്‍ട്ട്. ഏതാനും ദിവസം മുമ്പ് കൊറോണ ബാധ സ്ഥിരീകരിച്ചവരുമായി, അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്ന സംശയത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്വയംപ്രഖ്യാപിത വിലക്കിലേക്ക് നീങ്ങിയത്. ഡോഗസ് കോളിന്‍സ് ആണ് ഒടുവില്‍ ഏകാന്തവാസം തിരഞ്ഞെടുത്ത കോണ്‍ഗ്രസ് പ്രതിനിധി
''എനിക്ക് എന്തെങ്കിലു ആരോഗ്യപ്രശ്‌നമുണ്ടായതായി തോന്നുന്നില്ല. രോഗലക്ഷണങ്ങളുമില്ല. എങ്കിലും വീട്ടില്‍ തന്നെ ഏകാന്തവാസം അനുഷ്ടിക്കാന്‍ ഞാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു''-സെനറ്റര്‍ ഡോഗസ് പറഞ്ഞു. 14 ദിവസത്തിനുളളിലാണ് കൊറോണ വൈറസ് മറ്റൊരാളിലേക്ക് പകരുക.
മെരിലാന്റിലെ നാഷണല്‍ ഹാര്‍ബറില്‍ നടന്ന ഒരു ചടങ്ങില്‍ ഡോഗസ് കോളിന്‍സ് പങ്കെടുത്തിരുന്നു. ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ക്ക് അധികം താമസിയാതെ രോഗബാധ ഉണ്ടായി. അക്കാര്യം ചിലര്‍ ശ്രദ്ധയില്‍ പെടുത്തിയ സാഹചര്യത്തിലാണ് ഡോഗസ് ഏകാന്തവാസത്തിലേക്ക് നീങ്ങിയത്.
അന്ന് അതേ യോഗത്തില്‍ പങ്കെടുത്ത സെനറ്റര്‍ മാട്ട് ഗേറ്റ്‌സും ഇതേ കാരണത്താല്‍ സ്യയം പ്രഖ്യാപിത വിലക്കിലേക്ക് നീങ്ങിയിരുന്നു. സെനറ്റര്‍മാരായ തെഡ് ക്രൂസ്, പോള്‍ ഗോസര്‍ തുടങ്ങിയവരാണ് നേരത്തെ ഇതേ നിലപാടെടുത്ത ജനപ്രതിനിധികള്‍.
കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവന്‍ മരണം വിതച്ച കൊറോണ ആഗോളതലത്തില്‍ 4000 പേരുടെ ജീവനെടുത്തിരുന്നു. നിരവധി പേര്‍ നിരീക്ഷണത്തിലും ചികിത്സയിലുമാണ്.