കൊറോണ; 2018ലെ ശാസ്ത്ര ലേഖനം യാഥാര്‍ഥ്യമാകുമ്പോള്‍
പോര്‍സിന്‍ ഡെല്‍റ്റകോറോണവൈറസ് (പിഡികോവി) എന്ന വൈറസ് 2012 ല്‍ ചൈനീസ് പന്നികളില്‍ ആദ്യമായി തിരിച്ചറിഞ്ഞതായും പിന്നീട് ഒഹായോയിലെ പന്നികളില്‍ വയറിളക്കം പടര്‍ന്നുപിടിച്ചതായും സൂചിപ്പിച്ച ഗവേഷകര്‍ ഇത് രൂപമാറ്റത്തിലൂടെ മനുഷ്യരില്‍ മാരകമായ വിധത്തില്‍ പടര്‍ന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയത്.
കോഴിക്കോട്: പന്നികളില്‍ കണ്ടെത്തിയ കൊറോണ വൈറസുകള്‍ മനുഷ്യവംശത്തിനു തന്നെ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പു നല്‍കി 2018ല്‍ എഴുതിയ ഗവേഷക ലേഖനം കോവിഡ് 19 വ്യാപനകാലത്ത് ശ്രദ്ധേയമാകുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, നെതര്‍ലാന്‍ഡിലെ ഉട്രെച്റ്റ് യൂണിവേഴ്‌സിറ്റി എന്നിവയിലെ ഗവേഷകരാണ് ലോകം ഭയക്കേണ്ട മഹാവ്യാധി പടര്‍ത്താന്‍ ശേഷിയുള്ള വൈറസിനെ കുറിച്ച് രണ്ടു വര്‍ഷം മുന്‍പ് മുന്നറിയിപ്പു നല്‍കിയത്.
പോര്‍സിന്‍ ഡെല്‍റ്റകോറോണ (പിഡികോവി) എന്ന വൈറസ് 2012 ല്‍ ചൈനീസ് പന്നികളില്‍ ആദ്യമായി തിരിച്ചറിഞ്ഞതായും പിന്നീട് ഒഹായോയിലെ പന്നികളില്‍ വയറിളക്കം പടര്‍ന്നുപിടിച്ചതായും സൂചിപ്പിച്ച ഗവേഷകര്‍ ഇത് രൂപമാറ്റത്തിലൂടെ മനുഷ്യരില്‍ മാരകമായ വിധത്തില്‍ പടര്‍ന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. കൊറോണ വൈറസുകള്‍ മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ന്യൂമോണിയ അല്ലെങ്കില്‍ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അഭിപ്രായപ്പെട്ട ഇവര് മനുഷ്യരില്‍ മാരക രോഗങ്ങള്‍ക്ക് കാരണമായ മാര്‍സ്, സെര്‍സ് വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും പടര്‍ന്നതുപോലെ ഇതും മൃഗങ്ങളില്‍ നിന്നാകും മനുഷ്യരിലേക്ക് എത്തുകയെന്നും അഭിപ്രായപ്പെട്ടിരുന്നു.
വളര്‍ന്നുവരുന്ന കൊറോണ വൈറസുകളെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്ന് മഹാമാരിയായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് വെറ്ററിനറിയിലെ പ്രിവന്റീവ് മെഡിസിന്‍ പ്രൊഫസറും ഗവേഷക സംഘത്തിലെ അംഗവുമായ ലിന്‍ഡ സെയ്ഫ് സൂചിപ്പിച്ചത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉയര്‍ന്നുവരുന്ന മൂന്നാമത്തെ രോഗകാരിയായ നോവല്‍ കൊറോണ വൈറസാണ് ഇപ്പോഴത്തെ സാര്‍സ് കൊറോണ വൈറസ് 2. ആദ്യത്തേത്, 2003 ല്‍ കണ്ടെത്തിയതും സാര്‍സ് കൊറോണ വൈറസ് എന്ന് പേരിട്ടതുമായ സാര്‍സ് ആയിരുന്നു. ഇത് 8,000 പേരെ ബാധിച്ചു. 800 ഓളം മരണങ്ങള്‍ക്കും കാരണമായി. അതിനെ തുടര്‍ന്ന് പത്തു വര്‍ഷത്തിനു ശേഷമുണ്ടായ മെര്‍സ് കൊറോണ വൈറസ് 2,494 പേരെ ബാധിച്ചു. 900 മരണങ്ങളും രേഖപ്പെടുത്തി. അതനെക്കാളൊക്കെ ഭീകരമായ തരത്തിലായിരിക്കും പുതിയ വൈറസ് ലോകത്ത് വ്യാപിക്കുകയെന്നും 2018ല്‍ എഴുതപ്പെട്ട ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.