കൊറോണ: അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് വിലക്ക്, കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുത്; പുതുക്കിയ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
അവശ്യ സര്‍വ്വീസ് ഒഴിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലികള്‍ വീട്ടില്‍ നിന്നാക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കണം.
ന്യൂഡല്‍ഹി: രാജ്യമാസകലം കൊറോണ വൈറസ് ബാധ രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമായ പൊതു പെരുമാറ്റച്ചട്ടം പുറത്തുവിട്ടു.
അതുപ്രകാരം മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചയ്ക്ക് എല്ലാ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളും റദ്ദാക്കി. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരൊഴികെ 65 വയസ്സിനു മുകളിലുള്ള ആരും വീടിന് പുറത്തിറങ്ങരുത്. പത്ത് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും പുറത്തുപോകുന്നതിന് വിലക്കുണ്ട്. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗത്തിലുള്ളവരൊഴിച്ച് ആര്‍ക്കും റയില്‍, വ്യോമ യാത്രാ സൗജന്യങ്ങള്‍ അനുവദിക്കില്ല. അവശ്യ സര്‍വ്വീസ് ഒഴിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലികള്‍ വീട്ടില്‍ നിന്നാക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കണം.
തിരക്ക് ഒഴിവാക്കാന്‍ ഗ്രൂപ്പ് ബി, സി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ജോലിക്കെത്തേണ്ടതുള്ളൂ. ഒരേസമയം കൂടുതല്‍ പേര്‍ ഒരിടത്ത് എത്താത്ത വിധം ഡ്യൂട്ടി ക്രമീകരിക്കണം.