നന്ദേഡ് ആശുപത്രിക്ക് സമീപം യുവാവിന്റെ മൃതദേഹം പന്നികള്‍ തിന്നു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍

ആശുപത്രിക്കു പുറത്തെ ഇടവഴിയിലാണ് മൃതദേഹം പന്നികള്‍ കൂട്ടമായി കടിച്ചുപറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

Update: 2021-01-21 15:26 GMT

ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം പന്നികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. നന്ദേഡ് ആസ്ഥാനമായുള്ള ഡോ. ശങ്കരറാവു ചവാന്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമാണ് യുവാവിന്റെ മൃതദേഹം പന്നില്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഭരണകൂടം ഉത്തരവിട്ടു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന മൃതദേഹം പന്നികള്‍ ഭക്ഷിക്കുകയായിരുന്നു.

ഔറംഗാബാദില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള നന്ദേഡിന്റെ പ്രാന്തപ്രദേശത്തുള്ള വിഷ്ണുപുരി പ്രദേശത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രിക്കു പുറത്തെ ഇടവഴിയിലാണ് മൃതദേഹം പന്നികള്‍ കൂട്ടമായി കടിച്ചുപറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇവര്‍ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പോലിസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അഴുകിത്തുടങ്ങിയ മൃതദേഹം പകുതിയോളം പന്നികള്‍ ഭക്ഷിച്ചിരുന്നു.

30 വയസ്സ് പ്രായം വരുന്ന ആളിന്റെയാണ് മൃതദേഹമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് പോലിസ് അറിയിച്ചു. മരണ കാരണം എന്തെന്ന് അറിയാന്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലിസ് വ്യക്തമാക്കി.

Tags:    

Similar News