ഡല്‍ഹി സംഘര്‍ഷം: 16 ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

Update: 2020-07-02 12:26 GMT

ന്യൂഡല്‍ഹി: പൗരത്വപ്രക്ഷോഭങ്ങള്‍ക്കെതിരേ സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട അക്രമങ്ങളില്‍ ഉള്‍പ്പെട്ട 16 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മുഴുവന്‍ പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. വടക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി ആവസാനം നടന്ന പെട്രോള്‍ബോംബ് ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് ഭജന്‍പുര പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വടക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഫെബ്രുവരി 24, 25 തിയ്യതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി 24 ഉച്ചയ്ക്ക് 12 മണിയോടെ ഒരു പറ്റം അക്രമികള്‍ കപില്‍ മിശ്ര സിന്ദാബാദ്, മുല്ല, ക... മൂര്‍ദാബാദ് തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ഇരകളില്‍ ഒരാളുടെ മകനായ പര്‍വെസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ലാത്തി, വടി, തോക്ക്, ഇരുമ്പ് പാര, വാള്‍, പെട്രോള്‍ ബോംബ് തുടങ്ങിയവയും അക്രമികള്‍ കൈവശം വച്ചിരുന്നു. വൈകീട്ട് വരെ അക്രമം തുടര്‍ന്നു. മുസ്‌ലിം വീടുകള്‍ക്കു നേരെ ബോംബുകള്‍ വര്‍ഷിച്ചു. വെടിയുതിര്‍ത്തു. ആ ആക്രമണങ്ങളിലാണ് പര്‍വേസിന്റെ പിതാവ് കൊല്ലപ്പെട്ടത്. ഇതിനെതിരേ പര്‍വേസ് മാര്‍ച്ച് 19ന് പരാതി കൊടുത്തു. ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറാവുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു.

സുഷില്‍, ജെയ്‌വീര്‍, ദേവേഷ് മിശ്ര, നരേഷ് ത്യാഗി തുടങ്ങി 16 പേരാണ് അറസ്റ്റിലായത്. കൊലപാതകം, കലാപം അഴിച്ചുവിടല്‍, അപകടകരമായ ആയുധങ്ങള്‍ പ്രയോഗിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങി കേസുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.  

Tags:    

Similar News