വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; യുപിയില്‍ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസ്
പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു
മീറത്ത്: പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി 17 വിദ്യാര്‍ഥിനികളെ അധ്യാപകന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി. പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകന്റെ നിര്‍ദേശാനുസരണം രാത്രി സമയത്തും സ്‌കൂളില്‍ തങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിനികള്‍ എല്ലാവരും പ്രായപൂര്‍ത്തിയാവാത്തവരാണ്. ഐപിസി, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നവംബര്‍ 17നാണ് സംഭവം. ക്ലാസിലിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡനം. അന്നുരാത്രി സ്‌കൂളില്‍ തങ്ങിയ കുട്ടികള്‍ പിറ്റേദിവസമാണ് വീടുകളില്‍ തിരിച്ചെത്തിയത്. ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കുട്ടികളെ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പീഡനം നടന്ന് ഒരുദിവസത്തിന് ശേഷം പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് സംഭവം പറഞ്ഞിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പുര്‍കാസി പോലിസില്‍ പരാതി നല്‍കി.
പോലിസ് നടപടി സ്വീകരിച്ചില്ലെന്നും സ്‌കൂള്‍ അധികൃതരെ സംരക്ഷിക്കുന്ന നടപടിയാണ് പുര്‍കാസി പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഇരകളായ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥലം എംഎല്‍എ പ്രമോദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എംഎല്‍എ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുസാഫര്‍നഗര്‍ പോലിസ് അന്വേഷണം ആരംഭിക്കുകയും സ്‌കൂള്‍ ഉടമയായ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
അധ്യാപകനെതിരേയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മുസാഫര്‍നഗര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പുര്‍കാസി പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് അഭിഷേക് യാദവ് വ്യക്തമാക്കി. ഒരു എസ്എച്ച്ഒയെ ഇതിനകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് സ്‌കൂള്‍ ഉടമയെ അറസ്റ്റ് ചെയ്തത്.