'യുപി ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യണം'; പോലിസ് സൂപ്രണ്ടിന്റെ ഓഫിസിലേക്ക് അഭിഭാഷകര്‍ ഇരച്ചുകയറി
ഹസ്തിനാപൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഖാത്തിക്കിനെ അറസ്റ്റ് ചെയ്യുന്നത് പോലിസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ ആരോപിച്ചു
ലഖ്‌നൗ: ഓംകാര്‍ തോമര്‍ എന്ന അഭിഭാഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണകുറ്റംചുമത്തപ്പെട്ട ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ ദിനേശ് ഖാത്തിക്കിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ മീററ്റിലെ സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) ഓഫിസിലേക്ക് ഇരച്ചുകയറി.
ഹസ്തിനാപൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഖാത്തിക്കിനെ അറസ്റ്റ് ചെയ്യുന്നത് പോലിസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ ആരോപിച്ചു. പ്രക്ഷോഭകര്‍ എസ്എസ്പി ഓഫിസിനുള്ളില്‍ ദിനേശിനെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ബിജെപി എംഎല്‍എയും മറ്റു ചില പാര്‍ട്ടി നേതാക്കളും തന്നെ ഉപദ്രവിച്ചതായി ആത്മഹത്യാക്കുറിപ്പില്‍ തോമര്‍ വ്യക്തമാക്കിയിരുന്നു.
മകനെതിരായ സ്ത്രീധനക്കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 15 ലക്ഷം രൂപ നല്‍കാന്‍ ദിനേശ് ഖാത്തിക്ക് ഓംകാര്‍ തോമറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഖാത്തിക്കും കൂട്ടാളികളും തോമറിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് മകന്‍ ദിവേഷ് തോമര്‍ കുറ്റപ്പെടുത്തി. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഖാതിക് ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഖാതിക് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാക്കള്‍ ബിജെപിയുടെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഖാതിക് അവകാശപ്പെട്ടു.