സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇനി 'ഗ്രീന്‍ ബെഞ്ച്'; പേപ്പറുകള്‍ കൊണ്ടുവരരുതെന്ന് അഭിഭാഷകരോട് ജസ്റ്റിസ് ചന്ദ്രചൂഢ്

Update: 2022-09-07 11:16 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതല്‍ 'ഗ്രീന്‍ ബെഞ്ച് 'ആയിരിക്കും. തന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് പേപ്പര്‍ രഹിത ബെഞ്ച് ആയിട്ടാവും പ്രവര്‍ത്തിക്കുകയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അറിയിച്ചു. വാദിക്കാനെത്തുന്ന അഭിഭാഷകര്‍ പേപ്പറുകളും രേഖകളും കൊണ്ടുവരുതെന്ന് നിര്‍ദേശം നല്‍കി. 'പേപ്പറുകള്‍ ഉണ്ടാവാതിരിക്കാന്‍ ഞങ്ങള്‍ ഇത് പൂര്‍ണമായും ഗ്രീന്‍ച്ച ബെഞ്ചായി സൂക്ഷിക്കും.

ദയവായി പേപ്പറുകള്‍ കൊണ്ടുവരരുത്'- ജസ്റ്റിസ് ചന്ദ്രചൂഢ് അഭിഭാഷകരോട് പറഞ്ഞു. ഇതിനായി സുപ്രിംകോടതി രജിസ്ട്രിയിലെയും ഐടി സെല്ലിലെയും ഉദ്യോഗസ്ഥര്‍ സാങ്കേതിക വിദ്യയെക്കുറിച്ച് അഭിഭാഷകര്‍ക്ക് പരിശീലനം നല്‍കും. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഒരു അഭിഭാഷകന്‍ പറഞ്ഞപ്പോഴാണ് ചന്ദ്രചൂഢ് ഇക്കാര്യം പറഞ്ഞത്. സെക്രട്ടറി ജനറലും ഐടി സെല്‍ മേധാവിയും സാങ്കേതികവിദ്യയുടെ മാസ്‌റ്റേഴ്‌സാണ്. ശനിയാഴ്ചകളില്‍ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണമെന്ന് മുതിര്‍ന്നവരെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു- ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ക്കും പരിശീലനം ലഭിച്ചു, എന്നെങ്കിലും നിങ്ങള്‍ ആരംഭിക്കണം'- ജസ്റ്റിസ് എം ആര്‍ ഷാ ഉള്‍പ്പെടുന്ന ബെഞ്ച് അഭിഭാഷകനോട് പറഞ്ഞു. പേപ്പര്‍ ബുക്കുകള്‍ സ്‌കാന്‍ ചെയ്ത് ബെഞ്ചിനും കക്ഷികള്‍ക്കും ലഭ്യമാക്കാന്‍ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദേശിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ അധികരങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

Tags:    

Similar News