കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളാക്കുന്നു

Update: 2022-11-24 01:37 GMT

കോഴിക്കോട്: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളാക്കുന്ന പ്രവര്‍ത്തനത്തിന് വാര്‍ഡ് 14 ല്‍ തുടക്കമായി. തീരദേശ വാര്‍ഡുകളില്‍ നടപ്പാക്കുന്ന 'എന്റെ തീരം ഹരിത തീരം' പദ്ധതിയുടെ ഭാഗമായാണ് പുതിയ ചുവടുവയ്പ്പ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അടുത്തയാഴ്ച ചേരുന്ന കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങളില്‍ ഹരിത അയല്‍ക്കൂട്ട പ്രവര്‍ത്തനം അജണ്ടയായി ചര്‍ച്ച ചെയ്യും.

ഓരോ അയല്‍ക്കൂട്ടത്തിലെയും എത്ര അംഗങ്ങളുടെ വീടുകളില്‍ ജൈവ മാലിന്യസംസ്‌കരണ ഉപാധി സ്ഥാപിച്ചിട്ടുണ്ടെന്നും, എത്ര വീടുകള്‍ അജൈവ മാലിന്യം ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കി കൈമാറുന്നുവെന്നും പരിശോധിക്കും. അതോടൊപ്പം വീടുകളിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കൃഷി, മൃഗപരിപാലനം, ഹരിതചട്ടപാലനം എന്നിവ കൂടി പരിശോധിക്കും. ജൈവ മാലിന്യ ഉപാധികള്‍ വെച്ചിട്ടില്ലാത്ത വീടുകളില്‍ അവ സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി പരിശോധന പൂര്‍ത്തിയാക്കി ആദ്യ ഹരിതഅയല്‍ക്കൂട്ടമായി പ്രഖ്യാപിക്കുന്ന അയല്‍ക്കൂട്ടത്തിന് പുരസ്‌കാരം നല്‍കും.

തീരദേശ വാര്‍ഡുകളെ സമ്പൂര്‍ണ മാലിന്യമുക്ത വാര്‍ഡാക്കുകയാണ് ഹരിത അയല്‍ക്കൂട്ടം എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വാര്‍ഡ് 14 ലെ റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ പ്രമോദ് മാട്ടാണ്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ ഷംന പി ഹരിത അയല്‍ക്കൂട്ടം പ്രവര്‍ത്തനഘട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. സിഡിഎസ് മെംബര്‍ പ്രസന്ന, വാര്‍ഡിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ട പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Similar News