സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ

Update: 2022-08-12 17:46 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' യുടെ ഭാഗമായി കുടുംബശ്രീ വെള്ളിയാഴ്ചവരെ നിര്‍മിച്ചത് 22 ലക്ഷം ദേശീയ പതാകകള്‍. സംസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. ആഗസ്റ്റ് 12 നകം വിതരണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശ പ്രകാരം ഓര്‍ഡര്‍ നല്‍കിയ എല്ലാ സ്ഥാപനങ്ങളിലേക്കുമുളള പതാക വിതരണം അന്ത്യഘട്ടത്തിലാണ്.

ആഗസ്റ്റ് 13 മുതല്‍ 15 വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ യുണിറ്റുകള്‍ക്ക് ദേശീയ പതാക നിര്‍മിക്കാനുളള അവസരം കൈവന്നത്. കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യല്‍ യൂണിറ്റുകളില്‍ നിന്നായി മൂവായിരത്തോളം അംഗങ്ങള്‍ മുഖേനയായിരുന്നു പതാക നിര്‍മാണം.

അതത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് ഓര്‍ഡര്‍ ലഭിച്ചത്. ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവരുടെ പിന്തുണയോടെയാണ് പതാക നിര്‍മാണവും. ഓരോ ജില്ലയിലും കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഇതിന്റെ ഏകോപന ചുമതല.

Tags:    

Similar News