പെണ്‍കരുത്തില്‍ പ്രകാശം പരക്കും: ബള്‍ബ് നിര്‍മ്മാണ യൂനിറ്റുമായി കുടുംബശ്രീ

Update: 2022-08-21 14:23 GMT

തൃശൂര്‍: കുറഞ്ഞ വിലയില്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബള്‍ബ് നിര്‍മ്മാണ യൂണിറ്റിന് തുടക്കമിട്ട് കുടുംബശ്രീ. ചേലക്കര ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുടുംബശ്രീ സംരംഭമായ ലുമിനോ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റാണ് പെണ്‍കരുത്തില്‍ ഇനി പ്രകാശം പരത്തുക. യൂണിറ്റിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

സുജിത സി എസ്, ശ്രീരശ്മി ടി എസ്, ജിജി മോള്‍, ധന്യ ടി, സുചിത്ര കെ പി തുടങ്ങി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. യൂണിറ്റിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിനായി 1,50,000/ രൂപ കമ്മ്യൂണിറ്റി എന്റര്‍െ്രെപസസ് ഫണ്ട് ഇനത്തില്‍ വായ്പയായി കുടുംബശ്രീ സി.ഡി.എസ്സില്‍ നിന്നും യൂണിറ്റിന് നല്‍കിയിട്ടുണ്ട്. എല്‍ ഇ ഡി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും വിതരണം ചെയ്യുന്നതിനൊപ്പം പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകളുടെ വിതരണവും അറ്റക്കുറ്റപ്പണികളും ചെയ്ത് കൊടുക്കാനും സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നു. വിവിധ വാട്ടുകളിലുള്ള എല്‍ ഇ ഡി ബള്‍ബുകളും ട്യുബുകളും ഇവിടെ ലഭ്യമാണ്.

നിലവില്‍ 500 ബള്‍ബുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. മെറ്റീരിയലുകള്‍ ഇറക്കി ഘടിപ്പിച്ച് നല്‍കി വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കിലയില്‍ നിന്നുള്ള പരിശീലകന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പെരിഞ്ഞനം പഞ്ചായത്തിലെ എല്‍ഇഡി നിര്‍മ്മാണ യൂണിറ്റ് ഇവര്‍ സന്ദര്‍ശിച്ചിരുന്നു. സ്വന്തമായി സംരംഭം എന്ന കാര്യം ആലോചിച്ചപ്പോള്‍ നിരവധി ആശയങ്ങള്‍ വന്നു. എന്നാല്‍ ലാഭകരമായതും വ്യത്യസ്തമായതുമായ സംരംഭം എന്ന നിലയിലാണ് എല്‍ ഇ ഡി നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചതെന്ന് സംരംഭകയായ ജിജി മോള്‍ പറയുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശോഭന തങ്കപ്പന്‍, എ ഡി എസ് അംഗങ്ങളായ ശ്രുതി, സിനി, ഷാജിത, നസീമ, പ്രീന, പ്രിയംവദ, വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News