കണ്ണൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം 182 യാത്രക്കാരുമായി ചൊവ്വാഴ്ച രാത്രിയോടെ എത്തിച്ചേര്‍ന്നു. ദുബായില്‍ നിന്നുള്ള യാത്രികരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 7.25 ഓടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രണ്ടു പേരെ ആംബുലൻസിൽ അഞ്ചരക്കണ്ടി കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി.
യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോട് 48, കോഴിക്കോട് 12, മലപ്പുറം 8, തൃശൂര്‍ 1, വയനാട്1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍. മാഹി സ്വദേശികളായ 3 പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 104 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 78 പേരെ വീടുകളിലേക്ക് ക്വാറന്റീനില്‍ വിട്ടു. സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്‌സികളിലുമായാണ് ഇവരെ വീടുകളിലേക്ക് വിട്ടത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75 നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്.
കൊറോണ വ്യാപനഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റീനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്. പൊലിസ്, ആരോഗ്യ വകുപ്പ്, റവന്യു, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങളുടെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. ഇവിടെ വച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തി. രോഗലക്ഷണങ്ങള്‍ കണ്ടവരെ പ്രത്യേക വഴിയിലൂടെ പുറത്തെത്തിച്ചാണ് ആശുപത്രിലേക്ക് എത്തിച്ചത്. ഇവരുടെ ലഗേജ് പരിശോധനയും പ്രത്യേകമായാണ് നടത്തിയത്.
മറ്റു യാത്രക്കാരെ പതിവ് പരിശോധനകള്‍ക്കു ശേഷം ഓരോ ജില്ലയ്ക്കുമായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലേക്ക് മാറ്റി. ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളില്‍ യാത്രയാക്കി. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകളാണ് സജ്ജമാക്കിയത്.
നാലു ബസ്സുകളില്‍ കണ്ണൂര്‍ സ്വദേശികളെയും രണ്ട് ബസ്സുകളില്‍ കാസര്‍ക്കോട്ടുകാരെയും ഒരു ബസ്സില്‍ കോഴിക്കോട്, മാഹി സ്വദേശികളെയുമാണ് യാത്രയാക്കിയത്. കിഡ്‌നി രോഗിയായ മലപ്പുറം സ്വദേശിയെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.
വീടുകളിലേക്ക് ക്വാറന്റയിനില്‍ പോകുന്ന പ്രത്യേക വിഭാഗത്തിലുള്ള 78 പേരില്‍ കണ്ണൂര്‍ ജില്ലക്കാരായ 47ഉം കാസര്‍കോട് നിന്നുള്ള 20 ഉം പേരുമാണുള്ളത്.. കോഴിക്കോട് 4, മലപ്പുറം 6, വയനാട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലുള്ളവര്‍.
ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വിമാനത്താവളത്തിലെ സജ്ജീകരണങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി. സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.