പ്രവാസികളെ രണ്ടാം കിട പൗരന്‍മാരാക്കരുത്: മജ്‌ലിസ് യുഎഇ ചാപ്റ്റര്‍

Update: 2022-01-18 15:41 GMT

ഷാര്‍ജ: പ്രസംഗങ്ങളില്‍ പ്രവാസികളെ തലോടുകയും പ്രയോഗതലത്തില്‍ രണ്ടാംകിട പൗരന്‍മാരാക്കുകയും ചെയ്യുന്ന സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാരിന്റ ഇപ്പോഴത്തെ ക്വാറന്റൈന്‍ നിലപാടില്‍നിന്ന് പിന്‍മാറണമെന്നും മജ്‌ലിസ് യുഎഇ ചാപ്റ്റര്‍ ഷാര്‍ജ ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് യാത്ര അനുവാര്യമാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം എയര്‍ലൈന്‍സ് കമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടുമ്പോഴും നോക്കുകുത്തികളായി നില്‍ക്കുന്നത് സര്‍ക്കാരിന്റ കഴിവുകേടോ പ്രവാസികളോടുള്ള അവഗണനയോ ആണെന്നു യോഗം വിലയിരുത്തി.. നാട്ടില്‍നിന്നു മടങ്ങിപ്പോരുന്ന പ്രവാസികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ രണ്ട് ആര്‍ടിപിസിആര്‍ നടത്തുന്നതിനു വലിയ സംഖ്യ ഈടാക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിയില്‍ യുഎഇ സര്‍ക്കാര്‍ സ്വീകരിച്ച ഔദാര്യവും നിലപാടുകളും യോഗം മുക്തകണ്ഠം പ്രശംസിച്ചു.

കോഴിക്കോട് മജ്‌ലിസ് സേവനകേന്ദ്രം നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുന്ന കുടുംബ തര്‍ക്കപരിഹാര വേദി, സെന്റര്‍ ഫോര്‍ മോഡല്‍ മാര്യേജ്, ലഹരി നിവാരണ പദ്ധതികള്‍, അത്താണിയില്ലാത്തവരുടെ അത്താണി പദ്ധതികള്‍ പ്രവാസികള്‍ക്ക് ഒട്ടേറേ ഗുണം ചെയ്‌തെന്നും സമൂഹത്തിന്റ പ്രതീക്ഷയാണെന്നും യോഗം വിലയിരുത്തി. മജ്‌ലിസ് ജനറല്‍ സെക്രട്ടറി ഡോ.ഖാസിമുല്‍ ഖാസിമി യോഗം ഉദ്ഘാടനം ചെയ്തു. മജ്‌ലിസ് യുഎഇ ചാപ്റ്റര്‍ സെക്രട്ടറി ഫൈസല്‍ ഖാസിമി അധ്യക്ഷനായിരുന്നു. നൗഷാദ് ഫൈസി, മുസ്തഫ മണ്ണാര്‍ക്കാട്, ശബീറലി ബാഖവി, മുസ്തഫ ബാഖവി, ഖമറുദ്ദീന്‍ പാടൂര്‍, നൗഫല്‍ ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുഫൈല്‍, അശ്‌റഫ് കരിപ്പാല്‍ പങ്കെടുത്തു.

Tags:    

Similar News