ഗുഡ്‌സ് ഓട്ടോ പാടശേഖരത്തിലേക്ക് മറിഞ്ഞു 2 തൊഴിലാളികള്‍ മരിച്ചു

വെളിയനാട് ചന്ത ജംക്ഷനില്‍നിന്നു ബിനുവിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്

Update: 2021-11-01 18:48 GMT

കുട്ടനാട്: പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്കു ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞു മത്സ്യവില്‍പന തൊഴിലാളികളായ 2 പേര്‍ മരിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്ത് 11 ാം വാര്‍ഡില്‍ കണ്ണന്തറ വീട്ടില്‍ കെ ജി ഉതുപ്പാന്റെയും മറിയമ്മയുടെയും മകന്‍ ബിനു (48), ചങ്ങനാശേരി ഇത്തിത്താനം മഠത്തില്‍പറമ്പില്‍ രവീന്ദ്രന്റെയും മണിയമ്മയുടെയും മകന്‍ രതീഷ് (48) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. മത്സ്യവില്‍പന കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു അപകടം. വെളിയനാട് ചന്ത ജംക്ഷനില്‍നിന്നു ബിനുവിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ശക്തമായ മഴയായിരുന്നതിനാല്‍ അപകടം ആരും കണ്ടില്ല.ഗുഡ്‌സ് ഓട്ടോയുടെ ഇന്‍ഡിക്കേറ്റര്‍ പടിഞ്ഞാറെ കൂര്‍ക്കങ്കേരി പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ കണ്ടതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രതീഷ് ഭാര്യവീടായ വെളിയനാട് 11 ാം വാര്‍ഡില്‍ ഇടനിലം വീട്ടിലാണു താമസിച്ചിരുന്നത്.

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. രാമങ്കരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രതീഷാണു വാഹനം ഓടിച്ചിരുന്നത്. ഇടുങ്ങിയ റോഡ് ആയതിനാല്‍ ബിനു വാഹനത്തില്‍നിന്ന് ഇറങ്ങിയശേഷമാണു ഓട്ടോ വീട്ടിലേക്കു കൊണ്ടുപോയിരുന്നത്. ശക്തമായ മഴ കാരണമാകാം ഇരുവരും ഓട്ടോയില്‍ പോയതെന്നു നാട്ടുകാര്‍ പറഞ്ഞു. രതീഷിന്റെ ഭാര്യ: ധന്യ.മക്കള്‍: പാറു, നിധി. ബിനുവിന്റെ ഭാര്യ: മറിയമ്മ. മക്കള്‍: മൈക്കിള്‍, മരിയ.

Tags:    

Similar News