മെഡിക്കല്‍ കോളജില്‍ രോഗി 2 ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: 3 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ രണ്ട് ദിവസം കുടുങ്ങിക്കിടന്ന സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തിയ തിരുമല സ്വദേശി രവീന്ദ്രനെയെയാണ് ഇന്ന് പുലര്‍ച്ചെ 11 ആം നമ്പര്‍ ലിഫ്റ്റില്‍ നിന്ന് അവശ നിലയില്‍ രക്ഷപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തില്‍ വിളിക്കാനുള്ള എല്ലാ ഫോണുകളിലും വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിയതാണ് തിരുമല സ്വദേശിയും നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനുമായ രവീന്ദ്രന്‍. ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാന്‍ പോകുന്നതിനാണ് 11 ആം നമ്പര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് പൊടുന്നനെ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫോണ്‍ നിലത്ത് വീണ് തകരാറിലുമായി.