ജൂലായ് മുതല്‍ 300 യൂണിറ്റ് സൗജന്യ വൈദ്യുതി;ഡല്‍ഹി മോഡല്‍ വികസനവുമായി പഞ്ചാബില്‍ എഎപി സര്‍ക്കാര്‍

വൈദ്യുതി സൗജന്യമാക്കുന്നത് സംസ്ഥാന സര്‍ക്കാരിന് അധിക ഭാരം നല്‍കും,പഞ്ചാബില്‍ നിലവില്‍ കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്

Update: 2022-04-16 05:36 GMT

ചണ്ഡീഗഢ്: ജൂലായ് ഒന്ന് മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പഞ്ചാബ് എഎപി സര്‍ക്കാര്‍.അധികാരമേറ്റ് ഒരു മാസം തികയുന്ന വേളയിലാണ് ഡല്‍ഹി മോഡല്‍ സൗജന്യങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഒരു മാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം. ജൂലൈ ഒന്ന് മുതല്‍ സൗജന്യം ലഭിക്കമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.ഏത് രീതിയിലാകും ഇത് നടപ്പാക്കുക എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ശനിയാഴ്ച വിശദീകരിച്ചേക്കും.

കഴിഞ്ഞ ദിവസം ജലന്ധറില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പഞ്ചാബിലെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന നല്ല വാര്‍ത്തകള്‍ ശനിയാഴ്ച കേള്‍ക്കാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. വൈദ്യുതി സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച് ഈ ആഴ്ചയുടെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി അരവിന്ദ് കെജരിവാളുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം വൈദ്യുതി സൗജന്യമാക്കുന്നത് സംസ്ഥാന സര്‍ക്കാരിന് അധിക ഭാരം നല്‍കും.പഞ്ചാബില്‍ നിലവില്‍ കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നാക്ക ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്.

Tags:    

Similar News