യുപി പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ബാനര്‍; ആറ് പേര്‍ അറസ്റ്റില്‍
ലഖ്‌നോ: ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് രേഖപ്പെടുത്തിയ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്റെ മുന്നിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് വിലക്കെന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്. പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒയുടെ പേരിലായിരുന്നു സ്‌റ്റേഷന്‍ കവാടത്തിലെ ഭിത്തിയില്‍ ബാനര്‍ സ്ഥാപിച്ചിരുന്നത്.
ബാനറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ആറുപേരെ പോലിസ് അറസ്റ്റുചെയ്തു. ശംഭു പെഹല്‍വാന്‍, സാഗര്‍ പോസ്വാള്‍, കുല്‍ദീപ് മസൂരി, അങ്കിത് ചൗധരി, അമിത് ഭദാന, അമര്‍ ശര്‍മ എന്നിവരാണ് അറസ്റ്റിലായതെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് പ്രഭാകര്‍ ചൗധരി പറഞ്ഞു. 'അഞ്ചാറുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത് സംഭവിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ പോലിസ് സ്‌റ്റേഷനില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു, ഇതാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അവസ്ഥ'- തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ചിത്രം പങ്കുവച്ചുകൊണ്ട് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.