മലപ്പുറം ജില്ലയില്‍ 740 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 915 പേര്‍ക്ക് രോഗമുക്തി

Update: 2020-10-12 13:14 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് നേരിയ കുറവ്. ഇന്ന് 740 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 584 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 124 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 915 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികില്‍സയ്ക്കു ശേഷം രോഗമുക്തരായത്. ഇതുവരെ 26,100 പേര്‍ കൊവിഡ് പ്രത്യേക ചികില്‍സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

നിരീക്ഷണത്തില്‍ 51,380 പേര്‍

51,380 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,694 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 402 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,442 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 148 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

Tags:    

Similar News