80:20 വിവാദം; ക്രൈസ്തവ സഭകളുടേത് തമ്മിലടിപ്പിച്ച് ചോര കുടിക്കല്‍ : അബ്രഹാം മാത്യു
' പിന്നോക്കം നില്ക്കുന്ന എത്ര സഭാവിശ്വാസികളുടെ മക്കള്‍ക്ക് ശുപാര്‍ശയും കൈക്കൂലിയുമില്ലാതെ സഭ വക സ്ഥാപനങ്ങളില്‍ പ്രവേശനം നല്കുന്നുണ്ട്? അധ്യാപക നിയമനങ്ങളിലെ കോഴയോ? കടല്‍ കയറുമ്പോഴും ഉരുള്‍പൊട്ടുമ്പോഴും കുഞ്ഞാടുകള്‍ക്ക് കേറികിടക്കാന്‍ ഏത് അരമനയുടെ വാതിലുകളാണ് തുറക്കാറുള്ളത്?
കോഴിക്കോട്: 80:20 വിവാദത്തില്‍ ഇടപെട്ട ക്രൈസ്തവ സഭാനേതാക്കളുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് പ്രമുഖ കഥാകൃത്തും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ അബ്രഹാം മാത്യു. തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ കൊതിക്കുന്ന ചെന്നായ് ബുദ്ധിയുടെ ഗണിതചിഹ്നം മാത്രമാണ് 80:20 എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സ്വന്തം സമുദായത്തിലെ ഒരു വിഭാഗത്തിന്റെ ദാരുണമായ പിന്നോക്കാവസ്ഥയ്ക്ക് കാരണം 80:20 നിശ്ചയിക്കപ്പെട്ടതുകൊണ്ടാണോയെന്നും അബ്രഹാം മാത്യു ചോദിക്കുന്നു. ' മുസ്‌ലിം സമുദായത്തിന് ലഭിച്ച അര്‍ഹമായ ആനുകൂല്യത്തെ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതെന്തിന്? സാമൂഹ്യ പിന്നോക്കാവസ്ഥ കാരണം മുസ്‌ലിം സമുദായത്തിന് ഇത്തരം ആനുകൂല്യങ്ങള്‍ തുടരണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബിഷപ്പുമാര്‍ കളംനിറയുന്ന നാടാണു കേരളം, കേരളാ കോണ്‍ഗ്രസ്സുകളെക്കാള്‍ ബ്രാക്കറ്റുകള്‍ പേറുന്ന സഭകള്‍, മഹാഭൂരിപക്ഷം ബിഷപ്പുമാരും പഴയകാല നാട്ടുരാജാക്കന്മാരെപ്പോലെ; ഇവര്‍ ചാഞ്ഞും ചരിഞ്ഞും കിടന്നുറങ്ങുന്ന കെട്ടിടത്തെ വിശ്വാസികള്‍ അരമന എന്നു വിളിക്കുന്നു. ഇവര്‍ ലത്തീനും സുറിയാനിയും സമം ചേര്‍ത്ത് 'കല്പനകള്‍' പുറപ്പെടുവിക്കും. ഭരണമാറ്റം മണത്തറിഞ്ഞാല്‍ ചുവക്കും; അല്ലാത്തപ്പോള്‍ ലക്ഷദ്വീപിലെ തെങ്ങിനടിച്ച നിറം നോക്കി നെടുവീര്‍പ്പിടും.'
' പിന്നോക്കം നില്ക്കുന്ന എത്ര സഭാവിശ്വാസികളുടെ മക്കള്‍ക്ക് ശുപാര്‍ശയും കൈക്കൂലിയുമില്ലാതെ സഭ വക സ്ഥാപനങ്ങളില്‍ പ്രവേശനം നല്കുന്നുണ്ട്? അധ്യാപക നിയമനങ്ങളിലെ കോഴയോ? കടല്‍ കയറുമ്പോഴും ഉരുള്‍പൊട്ടുമ്പോഴും കുഞ്ഞാടുകള്‍ക്ക് കേറികിടക്കാന്‍ ഏത് അരമനയുടെ വാതിലുകളാണ് തുറക്കാറുള്ളത്? കരുണാമയന്റെ പേരിലുള്ള ആശുപത്രികള്‍ മൃതദേഹം വച്ച് വില പറയുന്നില്ലേ? മഠത്തിലെ കിണറുകളില്‍ പൊന്തിക്കിടന്ന ശിരോവസ്ത്രങ്ങള്‍ എത്ര? മതഭ്രാന്തര്‍ കൈപ്പത്തി വെട്ടിയപ്പോള്‍ മിണ്ടാതിരുന്നതോ? സ്വന്തം സഭാമക്കളോട് അന്യായം കാണിക്കുന്നവര്‍ 80:20ല്‍ അന്യായം കാണുന്നു! അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെയാണ് കാണേണ്ടത്. തമ്മിലടിപ്പിച്ച് ചോര കൊതിക്കുന്ന ചെന്നായ് ബുദ്ധിയുടെ ഗണിതചിഹ്നം മാത്രമാണ് 80:20 എന്ന് മരക്കുരിശുകാരന്റെ ഓര്‍മ്മയ്ക്ക് പൊന്‍കുരിശു പണിയുന്നവര്‍ ഓര്‍ക്കണ'മെന്നും കുറിപ്പില്‍ അബ്രഹാം മാത്യു പറയുന്നു.