സപ്ലൈക്കോ ജീവനക്കാര്‍ക്ക് 8.33 ശതമാനം ബോണസ്

Update: 2022-08-22 04:52 GMT

തിരുവനന്തപുരം: കേരളാ സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് 8.33 ശതമാനം ബോണസായി നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30 ദിവസത്തില്‍ കുറയാതെ ഹാജരുള്ളവരും 24,000 രൂപ വരെ പ്രതിമാസ ശമ്പളവുമുള്ളവരുമായ സപ്ലൈകോയുടെ സ്ഥിരം ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുന്നത്. ഏഴായിരം രൂപ എന്ന പരിധിക്ക് വിധേയമായാണ് ബോണസ് അനുവദിക്കുന്നത്. ഇതനുസരിച്ച് ജീവനക്കാര്‍ക്ക് 6,996 രൂപയാണ് ബോണസായി ലഭിക്കുക. സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനിലുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ 34,240 രൂപയില്‍ അധികരിക്കാതെ ശമ്പളം ലഭിക്കുന്നവര്‍ക്ക് 4,000 രൂപ ബാണസായി നല്‍കാനും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

സപ്ലൈകോയിലെ വിവിധ താല്‍ക്കാലിക കരാര്‍ തൊഴിലാളികളില്‍ 180 ദിവസം ഹാജരുള്ള 24,000 രൂപ വരെ ശമ്പളം പറ്റുന്ന തൊഴിലാളികള്‍ക്ക് 3,750 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വര്‍ഷം നല്‍കിയ 3,500 രൂപയില്‍ നിന്ന് 250 രൂപ ഈ വര്‍ഷം ഈ വിഭാഗത്തിന് വര്‍ധിപ്പിച്ചു നല്‍കി. 180 ദിവസത്തില്‍ കുറവ് ഹാജരുള്ളവര്‍ക്ക് ഹാജരിന് ആനുപാതികമായി ബോണസ് ലഭിക്കും. 24,000 രൂപയില്‍ അധികം ശമ്പളമുള്ള സപ്ലൈക്കോയുടെ സ്ഥിരംതാല്‍കാലിക ജീവനക്കാര്‍ക്കും 34,240 രൂപയില്‍ അധികം ശമ്പളമുള്ള ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രകാരമുള്ള ഉത്സവബത്ത ആയിരിക്കും ലഭിക്കുക.

സ്ഥിരം ജീവനക്കാര്‍ക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ 25,000 രൂപ ഫെസ്റ്റിവല്‍ അഡ്വാന്‍സ് അനുവദിക്കും. കൂടാതെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും 900 രൂപയുടെ സമ്മാനകൂപ്പണ്‍ നല്‍കുന്നതാണ്. ഇത് ഉപയോഗിച്ച് സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. യോഗത്തില്‍ സപ്ലൈക്കോ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജീബ്കുമാര്‍ പട്‌ജോഷി, ജനറല്‍ മാനേജര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരും പങ്കെടുത്തു.

Tags:    

Similar News