അരുണാചൽ പ്രദേശിൽ നിന്ന് 17 വയസ്സുകാരനെ ചെെനീസ് സെെന്യം തട്ടിക്കൊണ്ടുപോയി
ജോണി യായൽ ചൈനീസ് സൈന്യത്തിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോൺ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിഞ്ഞത്.
ന്യൂഡൽഹി: ഇന്ത്യ-ചെെന സെെനികതല ചർച്ചകൾ നടക്കുന്നതിനിടെ, അതിർത്തിയിൽ പ്രകോപനപരമായ നടപടിയുമായി ചെെനീസ് സെെന്യം. അരുണാചൽ പ്രദേശിൽ നിന്ന് 17 വയസ്സുള്ള ഇന്ത്യൻ പൗരനെ ചെെനയുടെ പീപ്പിൽസ് ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയി. രണ്ടു ഇന്ത്യൻ പൗരൻമാരേയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്.
അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നുള്ള മിറാം തരോൺ, ജോണി യായൽ എന്നിവരെയാണ് സൈനികർ പിടിച്ചൂകൊണ്ടുപോയത്. ഇരുവരും പ്രദേശത്ത് നായാട്ടിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇതിൽ ജോണി യായൽ ചൈനീസ് സൈന്യത്തിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോൺ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിഞ്ഞത്.
മിറാം തരോണിനെ തിരികെയെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി താപിർ ഗാവോ ആവശ്യപ്പെട്ടു. യുവാവിനെ തിരികെയെത്തിക്കാനുള്ള നടപടികളും സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചതായാണ് വിവരം. പോലിസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു.
2018 മുതൽ അരുണാചൽ പ്രദേശ് അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ് ചെെന. 2018ൽ ഇവിടെ റോഡ് നിർമിച്ചിരുന്നു. സമാനമായി അരുണാചൽ അതിർത്തിയിൽ ഇന്ത്യൻ ഭൂമി കെെയേറിയതിന്റെ ഉപഗ്രഹദൃശ്യവും ഈയിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞവർഷം അരുണാചലിലെ തന്നെ അപ്പർ സബൻസിരി ജില്ലയിൽ നിന്ന് അഞ്ച് ഇന്ത്യൻ പൗരന്മാരെ പിഎൽഎ തട്ടിക്കൊണ്ടുപോവുകയും ഒരാഴ്ചയ്ക്കു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.