
പത്തനംതിട്ട: കോണ്‍ക്രീറ്റ് തൂണ് ഇളകി തലയിലേക്കു വീണ് നാലു വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശികളുടെ മകന് അഭിരാം ആണ് മരിച്ചത്. കോന്നി ആനക്കൊട്ടിലിലാണ് സംഭവം. സന്ദര്‍ശനത്തിനിടെ ഫോട്ടോ എടുക്കാന്‍ നില്‍ക്കവെ തൂണ് ഇളകി കുഞ്ഞിനു മീതെ വീഴുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ ആളുകള്‍ പ്രതികരണവുമായി രംഗത്തെത്തി. ഇവിടെ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണിന്റെ കാലപ്പഴക്കം സംബന്ധിച്ച സംശയങ്ങള്‍ ഉയരുന്നുണ്ട്. ഒരു കുഞ്ഞിന്റെ ഭാരം വഹിക്കാന്‍ പോലും ശേഷിയില്ലാത്ത വിധമാണോ തൂണ് സ്ഥാപിച്ചിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.