സിയാല്‍ മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കുന്നു

Update: 2022-09-06 04:00 GMT

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പങ്കാളിത്തമുള്ള കമ്പനി യാഥാര്‍ഥ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ആനയറ മാര്‍ക്കറ്റ് അതോറിറ്റിയും വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രി എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മന്ത്രി.

കര്‍ഷകര്‍ വിയര്‍പ്പിറ്റി വിളയിച്ചെടുക്കുന്ന വിളയില്‍ നിന്ന് ഉണ്ടാക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പങ്ങള്‍ക്ക് വിപണിയില്‍ നല്ല വിലയാണ്. എന്നാല്‍ ഇതിന്റെ മെച്ചം കര്‍ഷകന് ലഭിക്കുന്നില്ല. ഈയവസ്ഥക്ക് മാറ്റം വരുത്താനാണ് കര്‍ഷകന് കൂടി പങ്കാളിത്തമുള്ള കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വരുന്നതെന്ന് കൃഷി മന്ത്രി ചൂണ്ടിക്കാട്ടി.

കമ്പനി യാഥാര്‍ഥ്യമാകുമ്പോള്‍ അത് മുഖേന ഓരോ മൂല്യവര്‍ധിത ഉത്പന്നം വില്‍ക്കുമ്പോഴും അതിന്റെ ലാഭം കര്‍ഷകന് കൂടി ലഭിക്കും. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നം നിര്‍മ്മിക്കണം. എങ്കിലേ കൃഷി ഉപജീവനമാക്കിയവര്‍ക്ക് അന്ത:സ്സായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഒരു കൃഷിയിടത്തില്‍ നിന്ന് എത്ര ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല.

വാല്യു ആഡഡ് അഗ്രിക്കള്‍ച്ചര്‍ മിഷന്‍ (വാം) എന്ന പുതിയ സംരംഭം കൂടി ഇത്തരത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. വിള അടിസ്ഥാനമാക്കിയുള്ള കൃഷി രീതിയില്‍ നിന്ന് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക വൃത്തിയിലേക്ക് സംസ്ഥാനം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News