രാജ്യാന്തര പുരസ്‌ക്കാരത്തിളക്കത്തില്‍ വീണ്ടും നെടുമ്പാശേരി വിമാനത്താവളം
വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എസിഐ)ന്റെ ' റോള്‍ ഓഫ് എക്സലന്‍സ് ' പുരസ്‌ക്കാരത്തിനാണ് സിയാല്‍ അര്‍ഹമായത്. ഈ വര്‍ഷം ലോകത്തിലെ ആറ് വിമാനത്താവളങ്ങളാണ് എസിഐ യുടെ റോള്‍ ഓഫ് എക്സലന്‍സ് ബഹുമതിയ്ക്ക് അര്‍ഹമായത്
കൊച്ചി: യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്(സിയാല്‍) രാജ്യാന്തരപുരസ്‌ക്കാരം. വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എസിഐ)ന്റെ ' റോള്‍ ഓഫ് എക്സലന്‍സ് ' പുരസ്‌ക്കാരത്തിനാണ് സിയാല്‍ അര്‍ഹമായത്. ഈ വര്‍ഷം ലോകത്തിലെ ആറ് വിമാനത്താവളങ്ങളാണ് എസിഐ യുടെ റോള്‍ ഓഫ് എക്സലന്‍സ് ബഹുമതിയ്ക്ക് അര്‍ഹമായത്.
യാത്രക്കാരുടെ സംതൃപ്തി മനസ്സിലാക്കാന്‍ ലോകവ്യാപകമായി വിമാനത്താവളങ്ങളില്‍ എസിഐ സര്‍വെ നടത്താറുണ്ട്. പ്രതിവര്‍ഷം അമ്പതുലക്ഷം മുതല്‍ ഒന്നരക്കോടി വരെ യാത്രക്കാര്‍ എത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തുടര്‍ച്ചയായി അഞ്ചുതവണ സിയാല്‍ എസിഐയുടെ പുരസ്‌ക്കാരത്തിന് അര്‍ഹമായിരുന്നു. ' തുടര്‍ച്ചയായി സേവന നിലവാരം ഉറപ്പാക്കാന്‍ സിയാല്‍ നടത്തുന്ന ശ്രമങ്ങളെ യാത്രക്കാര്‍ അംഗീകരിച്ചിരിക്കുന്നു. യാത്രക്കാര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ പുതിയ നിലവാരം സൃഷ്ടിക്കുന്നതില്‍ സിയാല്‍ മാതൃകാപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്നും പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തില്‍ എസിഐ ഡയറക്ടര്‍ ജനറല്‍ ലൂയി ഫിലിപ്പെ ഡി ഒലിവേര അറിയിച്ചു.
എസിഐ യുടെ സേവന നിലവാര സര്‍വേകള്‍ വിമാനത്താവള ജീവനക്കാര്‍ക്ക് തങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ഏറെ സഹായകരമാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടറും എറണാകുളം ജില്ലാ കലക്ടറുമായ എസ് സുഹാസ് വ്യക്തമാക്കി. തുടര്‍ച്ചയായി അഞ്ചുവര്‍ഷം സേവന നിലവാരത്തിനുള്ള രാജ്യാന്തര പുരസ്‌ക്കാരം സിയാലിന് നേടാനായത് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയൊന്നു കൊണ്ടുമാത്രമാണെന്ന് എസ് സുഹാസ് വ്യക്തമാക്കി.
സിയാലിന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാലിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അദ്ദേഹത്തോടും സിയാല്‍ കടപ്പെട്ടിരിക്കുന്നു. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനമൊരുക്കുന്നതില്‍ സിയാല്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. നിരന്തരം പുതിയ സംവിധാനങ്ങള്‍ ഇതിനായി സിയാല്‍ ഏര്‍പ്പെടുത്തിവരുന്നുണ്ട്. യാത്രക്കാരോടുള്ള സിയാല്‍ പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവത്തിനാണ് ഈ പുരസ്‌ക്കാരം എന്നറിയുന്നത് പ്രചോദനപരമാണെന്നും സുഹാസ് കൂട്ടിച്ചേര്‍ത്തു.സെപ്റ്റംബര്‍ ഒമ്പതിന് കാനഡയിലെ മോണ്‍ട്രിയലില്‍ നടക്കുന്ന കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഗ്ലോബല്‍ സമ്മിറ്റില്‍ വച്ച് സിയാലിന് റോള്‍ ഓഫ് എക്സലന്‍സ് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് എ.സി.ഐ അറിയിച്ചു.