ഇതര റൂട്ടുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് ഇനി മുതല്‍ നെടുമ്പാശേരിയില്‍ നിന്നും ഇന്ധനം നിറയ്ക്കാം ; ടെക്‌നിക്കല്‍ ലാന്‍ഡിങ് സൗകര്യം ഏര്‍പ്പെടുത്തി സിയാല്‍
സിയാലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ടെക്‌നിക്കല്‍ ലാന്‍ഡിങ് എന്നറിയപ്പെടുന്ന ഈ സംവിധാനം ഒരുക്കിയത്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ സമീപ റൂട്ടുകളില്‍ പറന്ന ഒമ്പതു വിമാനങ്ങളാണ് കൊച്ചിയില്‍ ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയത്. 4.75 ലക്ഷം ലിറ്റര്‍ ഇന്ധനമാണ് ഇവ കൊച്ചിയില്‍ നിന്ന് നിറച്ചത്
കൊച്ചി: കൊച്ചിയ്ക്ക് സമീപത്തുകൂടിയുള്ള രാജ്യാന്തര വ്യോമപാതകളില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്ക്, യാത്രാമധ്യേ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) ഏര്‍പ്പെടുത്തി. സിയാലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ടെക്‌നിക്കല്‍ ലാന്‍ഡിങ് എന്നറിയപ്പെടുന്ന ഈ സംവിധാനം ഒരുക്കിയത്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ സമീപ റൂട്ടുകളില്‍ പറന്ന ഒമ്പതു വിമാനങ്ങളാണ് കൊച്ചിയില്‍ ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയത്. 4.75 ലക്ഷം ലിറ്റര്‍ ഇന്ധനമാണ് ഇവ കൊച്ചിയില്‍ നിന്ന് നിറച്ചത്.
ലാന്‍ഡിങ് ഫീ ഉള്‍പ്പെടെയുളള ഫീസ് ഈടാക്കുന്നതിനാല്‍ വിമാനത്താവള വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും കൊച്ചിയുടെ ഇന്ധന വിതരണ സംവിധാനത്തില്‍ പുരോഗതിയുണ്ടാക്കാനും ഇത് ഉപകരിക്കുമെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധിയെത്തുടര്‍ന്ന് ചില വിമാനകമ്പനികള്‍ ഇത്തരമൊരു ആവശ്യവുമായി സിയാലിനെ സമീപിച്ചിരുന്നു. സിയാല്‍ സൗകര്യമൊരുക്കിയതോട, കൊളംബോയില്‍ നിന്ന് യൂറോപ്പിലേക്കും ഗള്‍ഫിലേയ്ക്കും പോകുന്ന വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലിറങ്ങിയത്. ഇത്തരമൊരു സാധ്യത മുന്നില്‍കണ്ടതോടെ സിയാലിന്റെ വിമാന ഇന്ധന ഹൈഡ്രന്റ് സംവിധാനങ്ങളും പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാന്‍ സിയാല്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
ഏറ്റവും കുറഞ്ഞ ടേണ്‍ എറൗണ്ട് സമയത്തില്‍ വിമാനത്തില്‍ ഇന്ധനം നിറച്ച് വീണ്ടും സര്‍വീസ് നടത്തുക, നെടുമ്പാശേരി വിമാനത്താവളത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിനും ട്രാഫിക്കിനും തടസ്സം നേരിടാതെ നോക്കുക എന്നിവയായിരുന്നു വെല്ലുവിളി. ഇത് പ്രായോഗികമായി നടപ്പിലാക്കിയതോടെ, ജൂലായ് 29 മുതലുള്ള 3 ദിവസങ്ങളില്‍ മാത്രം ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊളംബോ ലണ്ടന്‍, കൊളംബോഫ്രാങ്ക്ഫര്‍ട്ട്, കൊളംബോ ഷാര്‍ജ വിമാനങ്ങള്‍, എയര്‍ അറേബ്യയുടെ കൊളംബോഷാര്‍ജ സര്‍വീസ്, ജസീറയുടെ കൊളംബോകുവൈറ്റ് സര്‍വീസ് എന്നിവയുള്‍പ്പെ 9 വിമാനങ്ങള്‍ യാത്രാമധ്യേ കൊച്ചിയില്‍ ഇറക്കുകയും ഇന്ധം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്.
ശ്രീലങ്കയില്‍ അനുഭവപ്പെടുന്ന ഇന്ധന പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര എയര്‍ലൈന്‍സുകള്‍ ഇത്തരമൊരു സാധ്യത ആരാഞ്ഞപ്പോള്‍ തന്നെ കൃത്യമായി ഇടപെടാനും അവരുമായി ബന്ധപ്പെടാനും സിയാലിന് കഴിഞ്ഞതായും മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. വളരെ വേഗത്തില്‍ തന്നെ ഏപ്രണ്‍ മാനേജ്‌മെന്റ് സംവിധാനം തങ്ങള്‍ പരിഷ്‌ക്കരിച്ചു. നിലവിലുള്ള സര്‍വ്വീസുകളെ ബാധിക്കാതെ കുടൂതുല്‍ വിമാനങ്ങള്‍ക്ക് വേഗത്തില്‍ ഇന്ധനം നിറച്ച് പോകാനുള്ള സൗകര്യമൊരുക്കി. വിജയകമായതോടെ, നിരവധി എയര്‍ലൈനുകള്‍ സിയാലിനെ സമീപിച്ചിട്ടുണ്ട്. കാര്യമായ വരുമാനം ഇതിലൂടെ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും സൂഹാസ് കൂട്ടിച്ചേര്‍ത്തു.ലോകത്ത് പല വിമാനത്താവളങ്ങളും ടെക്‌നിക്കല്‍ ലാന്‍ഡിങ്ങ് സൗകര്യം ഒരുക്കുന്നതിലൂടെ വലിയ വരുമാനം നേടുന്നുണ്ട്. സാധാരണ സര്‍വീസുകളില്‍ നിന്ന് നേടുന്നതിനേക്കാള്‍ വരുമാനം ടെക്‌നിക്കല്‍ ലാന്‍ഡിങ്ങിലൂടെ നേടുന്ന വിമാനത്താവളങ്ങളുമുണ്ട്. സിയാലിന്റെ ഫ്യൂവല്‍ ഹൈഡ്രന്റ് സംവിധാനത്തിലും ഏപ്രണ്‍ മാനേജ്‌മെന്റിലും വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ മറ്റൊരു സാധ്യത തുറന്നിടുകയാണെന്നും എസ് സുഹാസ് പറഞ്ഞു.