ഹജ്ജ് 2022 :ഹാജിമാര്‍ എത്തിത്തുടങ്ങി ; ആദ്യ സംഘം ശനിയാഴ്ച പുറപ്പെടും
ശനിയാഴ്ച രാവിലെ 8.30 ന് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ യാത്രയാവേണ്ട 377 തീര്‍ഥാടകരാണ് ഇന്ന് ഹജ്ജ് ക്യാംപിലെത്തിയത്
കൊച്ചി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു പുറപ്പെടുന്ന ഹാജിമാര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനു സമീപം സജജീകരിച്ച ഹജ്ജ് ക്യാംപില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ 8.30 ന് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ യാത്രയാവേണ്ട 377 തീര്‍ഥാടകരാണ് ഇന്ന് ഹജ്ജ് ക്യാംപിലെത്തിയത്. ആദ്യ യാത്ര സംഘത്തെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മെമ്പര്‍മാരായ അഡ്വ. മൊയ്തീന്‍ കുട്ടി, ഡോ. പി എ സൈദ് മുഹമ്മദ്, ഡോ. ഐ പി അബ്ദുസലാം, പി പി മുഹമ്മദ് റാഫി, പി ടി അക്ബര്‍, സഫര്‍ കയാല്‍ ഹജ്ജ് ക്യാംപ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ ചേര്‍ന്നു സ്വീകരിച്ചു.
ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പായി തീര്‍ഥാടകരുടെ ആര്‍ ടി പി സി ആര്‍ പിശോധന, ലഗേജ് സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജ്ജീകരിച്ച പ്രത്യേക കൗണ്ടറുകളില്‍ നിന്നും പൂര്‍ത്തിയാക്കി. ശേഷം ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക വാഹനത്തിലാണ് ക്യാംപിലേക്ക് എത്തിക്കുന്നത്.ആദ്യ വിമാനത്തില്‍ യാത്രയാവേണ്ട ഹാജിമാര്‍ക്കുള്ള പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍, സഊദി റിയാല്‍ തുടങ്ങിയവ നാളെ ഹജ്ജ് ക്യാംപില്‍ നിന്നും വിതരണം ചെയ്യും.
ഹാജിമാര്‍ യാത്രയിലും മക്ക, മദീന സ്ഥലങ്ങളിലും പാലിക്കേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പ്രത്യേക അറിയിപ്പും ഹാജിമാര്‍ക്ക് നല്‍കും. വിമാനം പുറപ്പെടുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പായി തീര്‍ഥാടകരെ എയര്‍പോര്‍ട്ടിലെ പ്രത്യേക ഹജ്ജ് ടെര്‍മിനലിലേക്ക് എത്തിക്കും. ഞായറാഴ്ച പുലര്‍ച്ചെ 12.50 നു പുറപ്പെടേണ്ട ഹാജിമാര്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കുള്ള യാത്ര രേഖകള്‍ ശനിയാഴ്ച കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.