ഹജ്ജ് തീര്‍ഥാടനം: 377 തീര്‍ഥാടകരുടെ ആദ്യസംഘം നാളെ പുറപ്പെടും;രാവിലെ 8.30ന് മന്ത്രി വി അബ്ദുറഹ്മാന്‍ വിമാനം ഫ് ളാഗ് ഓഫ് ചെയ്യും
നാളെ മുതല്‍ 16 വരെ നെടുമ്പാശ്ശേരി വഴി 20 വിമാനങ്ങളിലായി 7,724 തീര്‍ഥാടകരാണ് മദീനയിലേക്ക് പോകുന്നത്. 377 പേര്‍ വീതം യാത്ര ചെയ്യാവുന്ന വിമാനത്തില്‍ കേരളത്തിനു പുറമേ, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ തുടങ്ങിയ സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1966 തീര്‍ഥാടകരും യാത്രയാകും. കേരളത്തില്‍ നിന്നും 5758 തീര്‍ഥാടകര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്
കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് 377 തീര്‍ഥാടകരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് നാളെ രാവിലെ 8:30 ന് പുറപ്പെടുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനമാണ് നെടുമ്പാശേരിയില്‍ നിന്നും മദീനയിലേക്ക് പുറപ്പെടുന്നത്. വിമാനത്തിന്റെ ഫ് ളാഗ് ഓഫ് മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ പി രാജീവ്,അഹമ്മദ് ദേവര്‍കോവില്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി,എംഎല്‍എമാരായ പി ടി എ റഹിം,അന്‍വര്‍ സാദത്ത് , ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി ആര്‍ പ്രേം കുമാര്‍ പങ്കെടുക്കും.
കൊവിഡ് സാഹചര്യത്തില്‍ 2020, 2021 വര്‍ഷങ്ങളില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് സൗദി ഹജ്ജ് മന്ത്രാലയം ഹജ്ജ് തീര്‍ഥാടനത്തിനുള്ള അനുമതി നല്‍കിയത്. വിദേശ തീര്‍ഥാടകര്‍ക്കുള്ള അനുമതി ലഭിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം നാളെ മുതല്‍ 16 വരെ നെടുമ്പാശ്ശേരി വഴി 20 വിമാനങ്ങളിലായി 7,724 തീര്‍ഥാടകരാണ് മദീനയിലേക്ക് പോകുന്നത്. 377 പേര്‍ വീതം യാത്ര ചെയ്യാവുന്ന വിമാനത്തില്‍ കേരളത്തിനു പുറമേ, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ തുടങ്ങിയ സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1966 തീര്‍ഥാടകരും യാത്രയാകും. കേരളത്തില്‍ നിന്നും 5758 തീര്‍ഥാടകര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.2056 പുരുഷന്മാരും 3702 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍)ന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഒരേസമയം 1500 പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാനും താമസം, ഭക്ഷണം, പ്രാഥമിക ആവശ്യങ്ങള്‍ക്കും, വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കമ്മിറ്റി അംഗങ്ങള്‍ ചെയര്‍മാന്‍മാരായ വിവിധ സമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഹാജിമാര്‍ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ വിമാനം കയറുന്നത് വരെയുള്ള എല്ലാ സേവനങ്ങളും നല്‍കുന്നതിനു 350 വോളണ്ടിയര്‍മാര്‍ ക്യാംപില്‍ സേവനത്തിനുണ്ട്. വനിത വോളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, ആവശ്യ മരുന്നുകള്‍, ആംബുലന്‍സ് സേവനം തുടങ്ങിയ സൗകര്യങ്ങളുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ ക്യാംപില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മൊയ്തീന്‍കുട്ടി,മീഡിയ ചെയര്‍മാന്‍ പി വി മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.